ചേരാനെല്ലൂർ: ചേരാനെല്ലൂർ മേഖലയിൽ മോഷണങ്ങളും മോഷണശ്രമങ്ങളും പതിവായതോടെ ജനങ്ങൾ ഭീതിയിലായി. കഴിഞ്ഞ ദിവസം രാത്രി സിഗ്നൽ ജങ്ഷന് സമീപം പാർക്ക് ചെയ്തിരുന്ന ബസിൽ നിന്നും ബാറ്ററി മോഷ്ടിച്ചതാണ് ഒടുവിലത്തെ സംഭവം. അതിന് രണ്ടു ദിവസം മുൻപ് ഇവിടത്തെ വർക്ക് സൈറ്റിൽ ജോലി ചെയ്യുന്നവരുടെ പണം ഒരു യുവാവ് കവർന്നിരുന്നു. പട്ടാപകലാണ് കവർച്ച നടന്നത്. പണം കവർന്നതായി സംശയിക്കുന്ന യുവാവിൻ്റെ ദൃശ്യങ്ങൾ സി.സി.ടി.വി യിൽ നിന്ന് ലഭിച്ചിട്ടുണ്ടെങ്കിലും ആളെ പിടി കിട്ടിയിട്ടില്ല. ഡിസംബർ ആദ്യവാരം ദേശീയപാതയോട് ചേർന്നുള്ള വീട്ടിൽ അർധരാത്രി രണ്ട് പേരെത്തി മോഷണത്തിന് ശ്രമിച്ചിരുന്നു. സമീപത്തെ സ്ഥാപനത്തിൻ്റെ സെക്യൂരിറ്റി ജീവനക്കാരൻ കണ്ട് ബഹളം വെച്ചതിനെ തുടർന്ന് ഇവർ ഗേറ്റ് ചാടി രക്ഷപ്പെട്ടു. ഇവരുടെ ദൃശ്യങ്ങൾ ലഭിച്ചെങ്കെലും പിടികൂടാനായില്ല. ഇവർ എത്തിയ ബൈക്ക് കിട്ടി എങ്കിലും അന്വേഷണത്തിൽ അത് മോഷ്ടിച്ചതാണെന്ന് വ്യക്തമായി.
വിഷ്ണുപുരം ഭാഗത്ത് കുറുവ സംഘമെന്ന് സംശയിക്കുന്ന ചിലരെ പരിസരവാസികൾ രാത്രി കണ്ടിരുന്നു. ദേശീയപാതയുടെ നിർമാണ സൈറ്റുകളിൽ നിന്നും സാമഗ്രികൾ മോഷണം പോകുന്നതും പതിവാണ്. ആക്രി പെറുക്കാൻ എന്ന മറവിലെത്തി സാധനങ്ങൾ കടത്തി കൊണ്ട് പോകുന്നവരും രാഗത്തുണ്ട്.