കൊച്ചി: നടൻ കലാഭവൻ നവാസിന് അന്ത്യാഞ്ജലി. ചോറ്റാനിക്കരയിലെ ഹോട്ടലിൽ ഇന്നലെ മരിച്ച നിലയിൽ കണ്ടെത്തിയ നവാസിന്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. രാവിലെ എട്ടരയ്ക്ക് ഇൻക്വസ്റ്റ് പൂർത്തിയാക്കി 10 മണിയോടെ പോസ്റ്റ്മോർട്ടം നടത്തും. ഇന്നലെ രാത്രിയാണ് ചോറ്റാനിക്കരയിലെ ഷൂട്ടിംഗ് സെറ്റിൽ നിന്ന് ഹോട്ടൽ മുറിയിൽ എത്തിയ നവാസിനെ മരിച്ച നിലയിൽ കാണുന്നത്. ഹോട്ടൽ മുറിയിൽ നിന്ന് മിനിറ്റുകൾക്കുള്ളിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരു ഇടവേളക്ക് ശേഷം അദ്ദേഹം സിനിമയിൽ വീണ്ടും സജീവമാകുന്നതിനിടെയാണ് അപ്രതീക്ഷിത വിയോഗം. അഭിനേതാവ് അബൂബക്കറിന്റെ മകനാണ് നവാസ്. നടി രഹ്‌നയാണ് ഭാര്യ.
മലയാളിയെ എന്നും ചിരിപ്പിച്ച അതുല്യകലാകാരനാണ് വിട വാങ്ങിയത്. ഹോട്ടൽ മുറിയിലെത്തിയ റൂം ബോയിയാണ് നിലത്ത് വീണ നിലയിൽ നവാസിനെ ആദ്യം കണ്ടത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ ജീവനുണ്ടായിരുന്നുവെന്ന് ചോറ്റാനിക്കരയിലെ ഹോട്ടൽ ഉടമ സന്തോഷ് മാധ്യമങ്ങളോട് പറഞ്ഞു. പ്രകമ്പനം സിനിമയുടെ ചിത്രീകരണത്തിന് ശേഷം ഹോട്ടലിൽ മടങ്ങിയെത്തിയപ്പോഴാണ് നവാസിന്റെ വിയോഗം. ഇന്നും നാളെയും തന്‍റെ ഷൂട്ടിംഗ് ഇല്ലാത്തതിനാൽ വീട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു നവാസ്. പ്രിയ സുഹൃത്തിന്‍റെ അപ്രതീക്ഷിത വിയോഗത്തിന്‍റെ ഞെട്ടലിലായിരുന്നു ആശുപത്രിയിലെത്തിയവരൊക്കെയും.
സീരിയല്‍, സിനിമകളിലൂടെയും സ്റ്റേജ് ഷോകളിലൂടേയും മലയാളികളെ കുടുകുടാ ചിരിപ്പിച്ച് ഒടുവില്‍ കണ്ണീരിലാഴ്ത്തിയ അതുല്യ കലാകാരനാണ് കലാഭവന്‍ നവാസ്. കലാഭവനിലൂടെ മിമിക്രി രംഗത്തേക്ക് കടന്നുവന്ന നവാസ്, വൈകാതെ നടനും ഗായനുമെന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരുകാലത്ത് സ്പോട്ട് കോമഡിയിലൂടെ സ്റ്റേജ് ഷോകളെ ഇളക്കിമറിച്ചും നവാസ് കയ്യടി നേടി. കൂട്ടുകാരൊത്തുള്ള ഉല്ലാസവേളയില്‍ ശബ്ദാനുകരണം നടത്തിയാണ് തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരി സ്വദേശിയായ നവാസ് മിമിക്രി ലോകത്തേക്ക് കടന്നുവന്നത്. നാട്ടിലെ യുവജനമേളയില്‍ മിമിക്രിയില്‍ സ്ഥിരം ഒന്നാംസ്ഥാനം നേടിയിരുന്നയാളെ, നടി ഫിലോമിനയുടെ ശബ്ദം അനുകരിച്ച് രണ്ടാം സ്ഥാനത്താക്കി നവാസ് ചിരിമുറ്റത്ത് ഇരിപ്പുറപ്പിച്ചു