Tuesday, July 8, 2025
No menu items!
Homeവാർത്തകൾകലയുടെ കേളികൊട്ടുയർന്നു; തലസ്ഥാനത്ത് ഇനി കലാ മാമാങ്കം, സ്കൂൾ‌ കലോത്സവത്തിന് തിരിതെളിഞ്ഞു

കലയുടെ കേളികൊട്ടുയർന്നു; തലസ്ഥാനത്ത് ഇനി കലാ മാമാങ്കം, സ്കൂൾ‌ കലോത്സവത്തിന് തിരിതെളിഞ്ഞു

തിരുവനന്തപുരം : ഏഷ്യയിലെ ഏറ്റവും വലിയ കൗമാരകലാമേളയായ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തലസ്ഥാന നഗരിയില്‍ തിരിതെളിഞ്ഞു. വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് തിരിതെളിച്ച് ഉദ്ഘാടനം നിര്‍വഹിച്ചത്. പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ രാവിലെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്.ഷാനവാസ് പതാക ഉയര്‍ത്തി. കലോത്സവ സ്വാഗതഗാനത്തിന്റെ നൃത്താവിഷ്‌കാരവും അരങ്ങേറി.

മുണ്ടക്കൈ, ചൂരല്‍മല മേഖലയിലെ കുട്ടികളെ ജീവിതത്തിലേക്കു കൈപിടിച്ചു കൊണ്ടുവരാന്‍ കഴിഞ്ഞെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. വയനാട് വെള്ളാര്‍മല ജിഎച്ച്എസ്എസിലെ കുട്ടികള്‍ കലോത്സവവേദിയില്‍ അവതരിപ്പിക്കുന്ന നൃത്തം അതിജീവനനൃത്തമായി മാറുകയാണെന്നും സാംസ്‌കാരിക ഉന്നമനത്തിനായി സമൂഹത്തെ ഒന്നടങ്കം നയിക്കേണ്ടവരാണ് ഓരോ മത്സരാർഥികളെന്നും അദ്ദേഹം പറഞ്ഞു.
‘‘അന്യം നിന്നു പോകുന്ന ഒട്ടേറെ കലാരൂപങ്ങള്‍ കലോത്സവങ്ങളിലൂടെ നിലനില്‍ക്കുന്നു. കുട്ടികള്‍ മികവിലേക്ക് ഉയരുമ്പോള്‍ അവരെ പ്രാപ്തരാക്കിയ ഗുരുനാഥന്മാരും ആദരിക്കപ്പെടുകയാണ്. നല്ല കലാരൂപങ്ങളും അതിന്റെ സൃഷ്ടാക്കളും പലവിധ ആക്രമണങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. ഫ്യൂഡല്‍ വ്യവസ്ഥയ്‌ക്കെതിരെ തോപ്പില്‍ഭാസി ഒരുക്കിയ ‘നിങ്ങളെന്ന കമ്യൂണിസ്റ്റാക്കി’ എന്ന നാടകത്തിനെതിരെ എത്രയോ ആക്രമണം നടന്നിരുന്നു. അതില്‍ മനസു മടുത്ത് കലാപ്രവര്‍ത്തനം നിര്‍ത്താതെ ആ കലാകാരന്മാര്‍ തുടരുക തന്നെ ചെയ്തു.

കലാപ്രതിഭകളാകുന്ന പലരും സ്‌കൂൾ കാലം കഴിഞ്ഞാല്‍ കലാപ്രവര്‍ത്തനം അവസാനിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതു കലാകേരളം ഗൗരവത്തോടെ കാണണം. കലോത്സവങ്ങള്‍ സംഘടിപ്പിക്കപ്പെടുന്നത് മനുഷ്യനും മനുഷ്യനും തമ്മിലുള്ള പരസ്പര സ്‌നേഹവും സാഹോദര്യവും സഹവര്‍ത്തിത്വവും ഊട്ടി ഉറപ്പിക്കാനാണ്’’– മുഖ്യമന്ത്രി പറഞ്ഞു.
പതിനൊന്നു മണിക്കു കലാമത്സരങ്ങള്‍ക്കു തുടക്കമാകും. മന്ത്രിമാരായ ജി.ആര്‍.അനില്‍, കെ.രാജന്‍, എ.കെ.ശശീന്ദ്രന്‍, വീണാ ജോര്‍ജ്, ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, മേയര്‍ ആര്യ രാജേന്ദ്രന്‍, കലക്ടര്‍ അനുകുമാരി, എംഎല്‍എമാര്‍, എംപിമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. വിജയമല്ല പങ്കെടുക്കലാണ് പ്രധാനപ്പെട്ട കാര്യമെന്ന് മത്സരാര്‍ഥികളോടു മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. മത്സരാര്‍ഥികള്‍ക്ക് ഇപ്പോള്‍ നല്‍കുന്ന ഒറ്റത്തവണ സ്‌കോളര്‍ഷിപ്പ് 1500 രൂപയായി വര്‍ധിപ്പിക്കുന്നത് പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.
അനന്തപുരിയിലേക്ക് എട്ടു വര്‍ഷങ്ങള്‍ക്കുശേഷമാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവം വിരുന്നെത്തുന്നത്. 2016ല്‍ തിരുവനന്തപുരത്തു നടന്ന കലോത്സവത്തില്‍ കിരീടം ചൂടിയത് കോഴിക്കോട് ജില്ലയായിരുന്നു. പാലക്കാടായിരുന്നു റണ്ണറപ്. കഴിഞ്ഞ വര്‍ഷം കൊല്ലത്തുനടന്ന സംസ്ഥാന കലോത്സവത്തില്‍ കണ്ണൂരായിരുന്നു ചാംപ്യന്‍മാര്‍. കോഴിക്കോട് രണ്ടാംസ്ഥാനത്തായിരുന്നു.

ഇത്തവണ പതിനയ്യായിരത്തോളം കുട്ടികള്‍ അഞ്ചുദിവസം മത്സരിക്കുന്ന കലാമേള 25 വേദികളിലാണ് നടക്കുന്നത്. ചരിത്രത്തില്‍ ആദ്യമായി മംഗലംകളി, പണിയനൃത്തം, പളിയനൃത്തം, മലപുലയ ആട്ടം, ഇരുള നൃത്തം എന്നീ തദ്ദേശീയ ഗോത്രനൃത്തരൂപങ്ങള്‍ മത്സരവേദിയിലെത്തുന്ന സംസ്ഥാനകലോത്സവമാണിത്. എം.ടി.വാസുദേവന്‍നായരോടുള്ള ആദരസൂചകമായി പ്രധാനവേദിക്ക് എംടി-നിള എന്നാണ് പേരിട്ടിരിക്കുന്നത്. 8ന് വൈകിട്ട് 5 ന് സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര താരം ടൊവിനോ തോമസ് പങ്കെടുക്കും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments