കല്‍പ്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് ഇഎംഐ പിടിച്ച തുക തിരികെ നല്‍കിത്തുടങ്ങി. പിടിച്ച പണം തിരികെ നല്‍കാന്‍ കലക്ടര്‍ ഉത്തരവിട്ടതിനെത്തുടര്‍ന്നാണ് ബാങ്കുകള്‍ പണം തിരികെ നല്‍കാന്‍ തയ്യാറായത്.
ദുരന്തത്തെത്തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന എല്ലാ കുടുംബങ്ങള്‍ക്കും 10,000 രൂപ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര സഹായമായി നല്‍കിയിരുന്നു. എന്നാല്‍ ഫണ്ട് ഗുണഭോക്താക്കളുടെ അക്കൗണ്ടിലെത്തിയതും ബാങ്കുകള്‍ ഇഎംഐകള്‍ ഡെബിറ്റ് ചെയ്തു. ഇതു വാര്‍ത്തയായതിനെത്തുടര്‍ന്ന് അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കലക്ടര്‍ക്കു നിര്‍ദേശം നല്‍കുകയായിരുന്നു. അടിയന്തര ദുരിതാശ്വാസ ഫണ്ട് ഇഎംഐ അടയ്ക്കാനുള്ളതല്ലെന്ന് വയനാട് കലക്ടര്‍ മേഘശ്രീ വ്യക്തമാക്കി.



