തെഹ്റാൻ: ഇറാനിലെ ആണവകേന്ദ്രങ്ങൾ ആക്രമിച്ചതിന് പിന്നാലെ ശക്തമായ തിരിച്ചടി നൽകുമെന്ന് അറിയിച്ച് ഇറാൻ. കനത്ത പ്രത്യാക്രമണം യു.എസിന് നേരെയുണ്ടാവുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. മിഡിൽ ഈസ്റ്റിലെ അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ ഉണ്ടാവുമെന്നും ഇറാൻ അറിയിച്ചു. ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി അമേരിക്ക അറിയിച്ചിരുന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് എക്‌സിലൂടെ ഈ വിവരം പങ്കുവെച്ചത്. ഫോർദോ, നതാൻസ്, ഇസ്ഹാൻ തുടങ്ങിയ കേന്ദ്രങ്ങളിലാണ് അമേരിക്കയുടെ ആക്രമണം. ആക്രമണം പൂർത്തിയാക്കി അമേരിക്കൻ വിമാനങ്ങൾ മടങ്ങിയെന്നും ട്രംപ് പറഞ്ഞു. ഇറാൻ-ഇസ്രായേൽ സംഘർഷം തുടങ്ങി പത്താം നാളാണ് അമേരിക്ക നേരിട്ട് ആക്രമണം നടത്തുന്നത്. ഇറാന്റെ ഭാഗത്ത് എത്രത്തോളം നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ഇപ്പോൾ വ്യക്തമല്ല. ഉഗ്ര പ്രഹര ശേഷിയുള്ള യു.എസ് വ്യോമസേന ബി.2 ബോംബർ വിമാനങ്ങൾ ഉപയോഗിച്ചാണ് അമേരിക്ക ഇറാനെ ആക്രമിച്ചത്. യു.എസ് നേരിട്ട് ഇടപെട്ടാൽ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് യു.എസ് ആക്രമണം.



