ചെറുതോണി: തൊടുപുഴ- പുളിയന്മല റോഡില്‍ കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന ഫാഷൻഹില്സ് എന്ന സ്ഥാപനത്തിന്റെ പരിസരത്തേക്ക് ഓടിയ മാൻകുട്ടിയാണ് കടയുടെ പിൻവശത്ത് കുടുങ്ങിയത്. മാനിനെ കാണാൻ ഓടിക്കൂടിയവർക്ക് ഇതൊരു കൗതുകമായിരുന്നുവെങ്കിലും കേഴ മാന്‍ ഇതൊരു കെണി ആയിട്ടാണ് തോന്നിയത്. ചന്നം പിന്നം ഓടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. സ്ഥാപനത്തിന് പുറകിലെ കല്‍ക്കെട്ടും മണ്‍തിട്ടകളും കോണ്‍ക്രീറ്റ് ഭിത്തികളും മാർഗ്ഗതടസമായി. പക്ഷേ, ഇതെല്ലാം ഒരു രക്ഷാകവചമായിരുന്നു. തെരുവ് നായ്ക്കളുടെ കൈയിലകപ്പെടാതെ സുരക്ഷിതമായി അവിടെ നിന്നു. തുടർന്ന് സ്ഥാപന ഉടമ വനംവകുപ്പില്‍ വിവരം അറിയിച്ചതിനെ തുടർന്ന് കമ്ബംമെട്ട് സെക്ഷൻ ഓഫീസിലെ വനപാലകർ സ്ഥലത്തെത്തിയാണ് ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ കേഴമാനെ പിടികൂടിയത്.
രാവിലെ കടയിലെത്തിയ ജീവനക്കാരാണ് മൂന്ന് വയസോളം പ്രായമുള്ള പെണ്കേഴമാനെ കണ്ടത്. ആനകുത്തി മലയില്‍ നിന്ന് കൂട്ടംതെറ്റി എത്തിയതാണെന്ന് സംശയിക്കുന്നു. തെരുവ്നായകളുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാനായി ഏകദേശം 30 അടിയോളം ഉയരമുള്ള മണ്‍തിട്ടയില്‍ നിന്ന് ചാടി കടയുടെ പിൻവശത്ത് ഒളിച്ചതാകാമെന്നും വനപാലകർ പറഞ്ഞു. വെറ്ററിനറി സർജന്റെ പരിശോധനയില്‍ ആരോഗ്യപ്രശ്നങ്ങളിലെന്ന് വ്യക്തമായതിനെ തുടർന്ന് ഇടുക്കി വന്യജീവി സങ്കേതത്തിന്റെ ഭാഗമായ കാഞ്ചിയാർ മറ്റപ്പള്ളിക്കവലയില്‍ തുറന്നുവിട്ടു.



