കൊച്ചി : ഓരോ വർഷവും കടലിൽ ശരാശരി 1.7 കോടി ടൺ പ്ലാസ്റ്റിക് മാലിന്യം എത്തിച്ചേരുന്നതായി റിപ്പോർട്ട്. ഇത് 2040 ആകുമ്പോഴേക്കും ഏകദേശം വർഷത്തിൽ 2.9 കോടി ടൺ ആയി മാറും. കടലിലും കായലിലും മീൻ പിടിക്കാനായി വലയെറിയുന്ന മത്സ്യത്തൊഴിലാളികളുടെ വലയിൽ കിലോക്കണക്കിനു പ്ലാസ്റ്റിക്കാണ് കുടുങ്ങുന്നത്.
കടലിൽ നിന്നും കൊച്ചി കായലിൽ നിന്നും മത്സ്യത്തൊഴിലാളികൾ ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ഏറ്റെടുത്തു റീസൈക്കിൾ ചെയ്യുന്ന പദ്ധതി എൻജിഒയായ ‘പ്ലാനറ്റ് എർത്ത്’ കഴിഞ്ഞ ഒരു വർഷമായി ഏറ്റെടുത്തു നടപ്പാക്കുകയാണ്. ഒരു ചാക്ക് പ്ലാസ്റ്റിക് മാലിന്യം നൽകുമ്പോൾ മത്സ്യത്തൊഴിലാളികൾക്ക് 50 രൂപ യാണ് ലഭിക്കുക. നിലവിൽ മുനമ്പം ഹാർബർ കേന്ദ്രീകരിച്ചാണ് മാലിന്യ ശേഖരണം നടത്തുന്നത് പ്രതിമാസം 3800 കിലോ പ്ലാസ്റ്റിക് മാലിന്യമാണ് പ്ലാനറ്റ് ഏർത് ഇത്തരത്തിൽ ശേഖരിക്കുന്നത്. ഇതു പിന്നീട് റീസൈക്കിൾ ചെയ്യുകയോ അപ്‌സൈക്കിൾ ചെയ്യുകയോ ചെയ്യും. റീസൈക്കിൾ ചെയ്യുന്ന മാലിന്യം മറ്റൊരു രൂപത്തിലേക്കു മാറ്റി പുതിയ ഉൽപന്നങ്ങളുടെ നിർമാണത്തിന് ഉപയോഗിക്കുന്നു. അപ്‌സൈക്കിൾ ചെയ്യുന്ന മാലിന്യം അതേ രൂപത്തിൽ തന്നെ ഉപയോഗിച്ചു പുതിയൊരു ഉൽപന്നം തയാറാക്കുന്നു. ഒരു തരത്തിലും പുനരുപയോഗിക്കാൻ കഴിയാത്തവ സിമന്റ് ഫാക്ടറികളിലെക്കു നൽകും. പ്രധാനമായും ഉപയോഗശൂന്യമായ മീൻപിടിത്ത വലകൾ, നൂലുകൾ, കയർ എന്നിവ ഉപയോഗിച്ചു കലാസൃഷ്ടികളും പ്ലാസ്റ്റിക് കവറുകളും മറ്റും ഉപയോഗിച്ച് ബാഗുകളും ഇവർ നിർമിക്കുന്നു. ഇരുമ്പുവലയിൽ തയാറാക്കുന്ന വാട്ടർ ബൂം തോടുകളിൽ സ്ഥാപിച്ചു പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാനുള്ള പദ്ധതിയും ഉടൻ ആരംഭിക്കുംമെന്നാണ് പ്ലാനറ്റ് ഏർത് വ്യക്തമാക്കുന്നത്.



