തിരുവനന്തപുരം: കടലിൽ നിന്ന് കരയിലേക്ക് അതിവേഗം ആശയവിനിമയം നടത്താൻ ഒരു ലക്ഷം മീൻപിടിത്ത ബോട്ടുകളിൽ എക്സ്പോൻഡറുകൾ സ്ഥാപിച്ചു തുടങ്ങി. മീൻപിടിത്ത തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനും സമുദ്രമാർഗമുള്ള നുഴഞ്ഞുകയറ്റം തടയാനുമായാണ് ഐഎസ്ആർഒയുടെ വാണിജ്യ വിഭാഗമായ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡിന്റെ സഹായത്തോടെ കേന്ദ്ര ഫിഷറീസ് മന്ത്രാലയം ബോട്ടുകളിൽ മൊബൈൽ സാറ്റലൈറ്റ് സർവീസ് (എംഎസ്എസ്) ടെർമിനലുകൾ (എക്സ്പോൻഡർ) സ്ഥാപിക്കുന്നത്.
ഐഎസ്ആർഒയുടെ സ്പേസ് ആപ്ലിക്കേഷൻ സെന്റർ (എസ്എസി) തദ്ദേശീയമായി വികസിപ്പിച്ചെടുത്ത എംഎസ്എസ് സാങ്കേതിക വിദ്യയിൽ ബോട്ടിൽ സ്ഥാപിക്കുന്ന എക്സ്പോൻഡറും മൊബൈൽ ആപ്പുമുണ്ട്. ബ്ലൂടൂത്ത്, വൈഫൈ വഴി ഫോണും എക്സ്പോഡറുമായി ബന്ധിപ്പിക്കാം. പ്രാദേശിക ഭാഷകളും ആപ്പിൽ ലഭിക്കും. അടിയന്തര സഹായത്തിന് എസ്ഒഎസ് അലർട്ട്, ഏറ്റവും പുതിയ കാലാവസ്ഥാ അറിയിപ്പ്, മീൻ ലഭ്യത കൂടിയ പ്രദേശങ്ങൾ, തുറമുഖവുമായി ബന്ധപ്പെട്ട വിവരങ്ങൾ തുടങ്ങിയവ ആപ്പിലൂടെ ലഭിക്കും. കടലിൽ നിന്നു വിവരങ്ങൾ കരയിലേക്കും അറിയിക്കാം. ഇവയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കരയിൽ ഹബ് സ്റ്റേഷൻ ഉണ്ടാകും.
കേരളം ഉൾപ്പെടെ 9 തീരദേശ സംസ്ഥാനങ്ങളിലെയും 4 കേന്ദ്രഭരണ പ്രദേശങ്ങളിലെയും ബോട്ടുകളിൽ ഇവ സ്ഥാപിക്കും.