ഡൽഹി: പാക്കിസ്ഥാനിലും പാക് അധീന കാശ്മീരിലും ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂറിന്’ മറുപടി നൽകുമെന്ന് പാക് പ്രധാനമന്ത്രി ഷെഹബാദ് ഷരീഫ്. പാക്കിസ്ഥാന്റെ പരമാധികാരത്തിന് നേരെയാണ് ഇന്ത്യ ആക്രമണം നടത്തിയത്. പ്രതികാരം അനിവാര്യമാണ്. നിരപരാധികളായ രക്തസാക്ഷികളുടെ രക്തത്തിന് പകരം വീട്ടുമെന്നും ഷെഹബാദ് പറഞ്ഞു. ഇന്ത്യ-പാകിസ്താന് സംഘര്ഷം തുടരുന്നതിനിടെ പാക് ജനതയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഷെഹബാദ് ഷെരീഫ്. പഹൽഗാം ആക്രമണത്തിൽ നിഷ്പക്ഷമായ അന്താരാഷ്ട്ര അന്വേഷണത്തിന് തങ്ങൾ തയ്യാറാണെന്ന് പറഞ്ഞിട്ടും ആ വാഗ്ദാനം അവഗണിച്ച് ഇന്ത്യ ആക്രമണാസക്തമായാണ് പെരുമാറിയത്. 80 ഇന്ത്യൻ വിമാനങ്ങൾ ഉപയോഗിച്ചായിരുന്നു ആക്രമണം. എന്നാൽ പാക്കിസ്ഥാന് ശക്തമായ പ്രതിരോധം തീർത്താൻ സാധിച്ചു. പാക്കിസ്ഥാന് എന്ത് ചെയ്യാൻ സാധിക്കുമെന്ന് ഇന്നലെ രാത്രി ഞങ്ങൾ കാണിച്ചുകൊടുത്തതാണ്. നിയന്ത്രണ രേഖയിൽ, ഏകദേശം ഒരു മണിക്കൂറോളം ഇന്ത്യൻ വിമാനങ്ങൾ പറന്നപ്പോൾ ഞങ്ങളുടെ പൈലറ്റുമാർ വ്യോമാതിർത്തിയിൽ തന്നെ തുടർന്നു. ശത്രുവിന്റെ വിമാനത്താവളങ്ങൾ തകർത്തു. 5 ഓളം ഇന്ത്യൻ വിമാനങ്ങൾ വെടിവെച്ചിടാൻ തങ്ങൾക്ക് സാധിച്ചു. പാക്കിസ്ഥാൻ ഉണ്ടെന്ന് ഞങ്ങൾ തെളിയിച്ചു. ഇന്ത്യൻ പദ്ധതികളെ കുറിച്ച് പാക്കിസ്ഥാൻ സൈന്യത്തിന് മുൻകൂട്ടി വിവരം ലഭിച്ചിരുന്നു. അതുകൊണ്ട് തന്നെ ആക്രമണങ്ങളെ നേരിടാൻ ഞങ്ങൾ തയ്യാറായിരുന്നു. എത്രയൊക്കെ ആക്രമണം ഇന്ത്യ നടത്തിയാലും യഥാർത്ഥ്യത്തെ മാറ്റാൻ അവർക്ക് സാധിക്കില്ല’, ഷെഹബാസ് പറഞ്ഞു.
അതേസമയം തിരിച്ചടിക്കാൻ തയ്യാറായിരിക്കാൻ സായുധ സേനയ്ക്ക് ഇന്നലെ രാത്രി ചേർന്ന പാക് ദേശീയ സുരക്ഷ കൗൺസിൽ യോഗം നിർദേശം നൽകി. ഡൽഹി കൂടുതൽ പ്രകോപനം സൃഷ്ടിക്കുകയാണ് ചെയ്തത്. അതുകൊണ്ട് തന്നെ അനന്തരഫലങ്ങളുടെ ഉത്തരവാദിത്തവും ഇന്ത്യയ്ക്കായിരിക്കുമെന്നും യോഗത്തിന് ശേഷം ഇറക്കിയ പ്രസ്താവനയിൽ പാക്കിസ്ഥാൻ വ്യക്തമാക്കി. തീവ്രവാദ ക്യാമ്പുകളാണ് ലക്ഷ്യം വെച്ചതെന്ന് പറഞ്ഞ് പാക്കിസ്ഥാനിലെ സാധാരണ മനുഷ്യരെ ലക്ഷ്യം വെച്ചാണ് അവർ ആക്രമണം നടത്തിയത്. ഇന്ത്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ട നിരപരാധികളായ പാക് പൗരൻമാരുടെ ജീവന് പ്രതികാരം ചെയ്യാൻ സൈന്യം തയ്യാറായിരിക്കണം. ഉചിതമായ സമയത്ത് കൃത്യമായ രീതിയിൽ പ്രതികരിക്കാനുള്ള അവകാശം ഐക്യരാഷ്ട്രസഭ ചാർട്ടറിലെ ആർട്ടിക്കിൾ 51 അനുസരിച്ച് ഇസ്ലാമാബാദിൽ നിക്ഷിപ്തമാണ്’, യോഗം വ്യക്തമാക്കി.
26 പേർ കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ബുധനാഴ്ച പുലർച്ചെയാണ് ഇന്ത്യ പാക്കിസ്ഥാനെതിരെ തിരിച്ചടിച്ചത്. പാക്കിസ്ഥാനിലേയും പാക് അധീന കാശ്മീരിലേയും 9 ഭീകരകേന്ദ്രങ്ങൾ തകർത്തുകൊണ്ടായിരുന്നു ഇന്ത്യയുടെ മറുപടി. ഇന്ത്യൻ ആക്രമണത്തിൽ പാക്കിസ്ഥാനിൽ ജയ്ഷ ഇ മുഹമ്മദ്, ലഷ്കർ ഇ തൊയിബ,ഹിസ്ബുൾ മുജാഹിദ്ദീൻ എന്നീ ഭീകരസംഘടനകളുമായി ബന്ധപ്പെട്ട 80 പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ. തങ്ങൾ ഭീകരകേന്ദ്രങ്ങൾ മാത്രമാണ് ആക്രമിച്ചതെന്നും 31 ഭീകരർ കൊല്ലപ്പെട്ടുവെന്നുമാണ് ഇന്ത്യയുടെ സ്ഥിരീകരണം. 31 പേർ കൊല്ലപ്പെട്ടതായി പാക് സൈനിക വക്താവ് അഹമ്മദ് ഷെരീഫ് ചൗധരിയും സ്ഥിരീകരിച്ചിരുന്നു.. നിരവധി പേർക്ക് പരിക്കേറ്റെന്നും ആക്രമണത്തിൽ അപലപിച്ചാൽ മാത്രം മതിയാവില്ലെന്നും അഹമ്മദ് ഷെരീഫ് ചൗധരി പറഞ്ഞു. അതേസമയം സംഘർഷം കൂടുതൽ വ്യാപിക്കാനേ ഇന്ത്യയുടെ ഇത്തരം നടപടികൾ വഴിവെക്കൂവെന്നായിരുന്നു പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിന്റെ പ്രതികരണം.
അതേസമയം പാക്കിസ്ഥാനെതിരെ ഇനിയും ഇന്ത്യ ആക്രമണം നടത്തിയേക്കുമെന്നാണ് സൂചനകൾ. പാക്കിസ്ഥാന്റെ പ്രതികരണത്തിന് അനുസരിച്ച് തിരിച്ചടിക്കാൻ തയ്യാറായി നിൽക്കാൻ സൈന്യത്തിന് നിർദേശം ഉണ്ട്. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ സർവ്വകക്ഷി യോഗം വിളിച്ച് ചേർത്തിട്ടുണ്ട്. തുടർ നടപടികൾ യോഗത്തിൽ ചർച്ചയാകും.



