തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് മുന്നില്‍ ആശാ വര്‍ക്കര്‍മാരുടെ സമരം പുരോഗമിക്കുന്നതിനിടയില്‍ ജനുവരിയിലെ ഓണറേറിയം കുടിശിക അനുവദിച്ച് സര്‍ക്കാര്‍. ഇതോടെ മൂന്നു മാസത്തെ കുടിശികയും തീര്‍ത്തു. മൂന്നുമാസത്തെ ഇന്‍സെന്റീവിലെ കുടിശികയും അനുവദിച്ചിട്ടുണ്ട്. സമരം തുടങ്ങുമ്പോള്‍ നവംബര്‍ മുതല്‍ ജനുവരി വരെയുള്ള ഓണറേറിയം ആണ് കിട്ടാനുണ്ടായിരുന്നത്. സമരം തുടങ്ങി പതിനെട്ടാം ദിവസമാണ് ആശമാരുടെ ആറ് ആവശ്യങ്ങളില്‍ ഒന്നായ കുടിശിക തീര്‍ക്കാന്‍ സര്‍ക്കാര്‍ തയാറായിരിക്കുന്നത്. അതേസമയം സമരം തുടരുമെന്ന് ആശാ വര്‍ക്കര്‍മാര്‍ പറഞ്ഞു.
7000 രൂപയില്‍ നിന്ന് 21000 രൂപയായി ഓണറേറിയം വര്‍ധിപ്പിക്കുക, വിരമിക്കുമ്പോള്‍ അഞ്ചുലക്ഷം രൂപ പെന്ഷന് അനുവദിക്കുക മുതലായ പ്രധാന ആവശ്യങ്ങളില്‍ ഇനിയും സര്‍ക്കാര്‍ തലത്തില്‍ അനുകൂല തീരുമാനം ഉണ്ടായിട്ടില്ല. പ്രധാന ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരം തണുപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഓണറേറിയം കുടിശ്ശിക അനുവദിച്ചിരിക്കുന്നതെന്നും മറ്റു ആവശ്യങ്ങള്‍ കൂടി അനുവദിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ആശാവര്‍ക്കര്‍മാര്‍.