തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ വൈകിട്ട് വരെ അതിതീവ്ര മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് കരുതലെടുത്ത് സംസ്ഥാനം. ഒൻമ്പത് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. ജില്ലകളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളാണ് തുറന്നത്. ആറു ലക്ഷത്തിലധികം പേരെ മാറ്റി പാര്‍പ്പിക്കാനുള്ള ക്യാമ്പുകൾ സജ്ജമാക്കിയിട്ടുള്ളത്.
എല്ലാ താലൂക്ക് ഓഫീസുകളിലും കണ്‍ട്രോള്‍ റൂമും ദുരിതാശ്വാസ കേന്ദ്രങ്ങളും തുറക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വരും ദിവസങ്ങളിലും ശക്തമായ മഴയുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കിയിട്ടുള്ള മുന്നറിയിപ്പ്.
മലയോര മേഖലയകളിലേക്കുള്ള യാത്ര നിരോധനം ആവശ്യമുണ്ടെങ്കില്‍ നടപ്പാക്കാന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മഴ വിനോദത്തിനുള്ള ഉപാധിയാക്കി മാറ്റരുതെന്നും ജലാശയത്തില്‍ ഇറങ്ങരുതെന്നും മലയോര യാത്രകളില്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. കേരള തീരത്ത് അതിശക്തമായ കാറ്റ് അടിച്ചേക്കുമെന്നും കടല്‍ക്ഷോഭത്തിനു സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ശക്തമായ തിരമാലയ്ക്ക് സാധ്യത ഉള്ളതിനാല്‍ തീരപ്രദേശത്ത് താമസിക്കുന്നവരും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. കണ്ണൂര്‍, കാസര്‍കോട്, തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം കോഴിക്കോട് ജില്ലകളിലും തീരപ്രദേശത്ത് ഉള്ളവരും ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്.



