ഭുവനേശ്വര്‍: ഒഡീഷയില്‍ വന്‍ സ്വര്‍ണ നിക്ഷേപം കണ്ടെത്തിയെന്ന് സംസ്ഥാന സര്‍ക്കാര്‍. ദിയോഗര്‍, കിയോഞ്ജര്‍ ജില്ലകളില്‍ ഗണ്യമായ സ്വര്‍ണ നിക്ഷേപമുണ്ടെന്ന് ഒഡീഷ സ്റ്റീല്‍ ആന്‍ഡ് മൈന്‍സ് മന്ത്രി ബിഭൂതി ഭൂഷണ്‍ ജെന പറഞ്ഞു. വിപുലമായ ഭൗമശാസ്ത്ര പര്യവേക്ഷണം നടത്തിയതിനാലാണ് സ്വര്‍ണ നിക്ഷേപം കണ്ടെത്തിയതെന്ന് സംസ്ഥാന നിയമസഭയിലെ ചോദ്യത്തിന് മറുപടി പറയവെ മന്ത്രി പറഞ്ഞു. ദിയോഗറിലെ അഡാസ്-രാമപള്ളി മേഖലയിലും കിയോഞ്ജറിലെ ഗോപൂര്‍-ഗാജിപൂര്‍ മേഖലയിലുമാണ് സ്വര്‍ണശേഖരം കണ്ടെത്തിയിരിക്കുന്നത്. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (ജി എസ് ഐ) അഡാസ്-രാമപള്ളി മേഖലയില്‍ ജി2-ലെവല്‍ പര്യവേക്ഷണം പൂര്‍ത്തിയാക്കിയിട്ടുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി. ഇതില്‍ നിന്നുള്ള ഫലങ്ങള്‍ പ്രതീക്ഷയ്ക്ക് വക നല്‍കുന്നതാണ് എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.



