Monday, December 22, 2025
No menu items!
Homeവാർത്തകൾഐഎസ്ആര്‍ഒയ്ക്ക് ചരിത്ര നേട്ടം; രാജ്യത്തിന്‍റെ ആദ്യ സ്പേസ് ഡോക്കിംഗ് പരീക്ഷണമായ സ്പേഡെക്സ് വിജയമായി

ഐഎസ്ആര്‍ഒയ്ക്ക് ചരിത്ര നേട്ടം; രാജ്യത്തിന്‍റെ ആദ്യ സ്പേസ് ഡോക്കിംഗ് പരീക്ഷണമായ സ്പേഡെക്സ് വിജയമായി

ബെംഗളൂരു: ബഹിരാകാശ രംഗത്ത് ഐഎസ്ആര്‍ഒയ്ക്ക് മറ്റൊരു ചരിത്ര നേട്ടം. രാജ്യത്തിന്‍റെ ചരിത്രത്തിലെ ആദ്യ സ്പേസ് ഡോക്കിംഗ് പരീക്ഷണമായ സ്പേഡെക്സ് വിജയമായി. ഇന്ന് രാവിലെയാണ് സ്പേഡെക്സ് ദൗത്യത്തിലെ ചേസര്‍, ടാര്‍ഗറ്റ് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് കൈകൊടുത്ത് ഒന്നായി മാറിയത്. വിക്ഷേപണത്തിന് ശേഷമുള്ള നാലാം പരിശ്രമത്തിലാണ് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് കൂട്ടിച്ചേര്‍ക്കാന്‍ ഐഎസ്ആര്‍ഒയ്ക്കായത്. ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയമായ ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍ അടക്കമുള്ള പദ്ധതികള്‍ക്ക് ഇസ്രൊയ്ക്ക് അനിവാര്യമായ സാങ്കേതികവിദ്യയാണ് സ്‌പേസ് ഡോക്കിംഗ്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് 2024 ഡിസംബര്‍ 30-ാം തിയതിയാണ് പിഎസ്എല്‍വി-സി60 ലോഞ്ച് വെഹിക്കിളില്‍ രണ്ട് സ്പേഡെക്സ് സാറ്റ്‌ലൈറ്റുകള്‍ ഐഎസ്ആര്‍ഒ വിക്ഷേപിച്ചത്. എസ്‌ഡിഎക്സ് 01- ചേസർ, എസ്ഡിഎക്സ് 02- ടാർഗറ്റ് എന്നിങ്ങനെയായിരുന്നു ഈ ഉപഗ്രഹങ്ങളുടെ പേരുകള്‍. ജനുവരി 6ന് ഇവയുടെ ഡോക്കിംഗ് പരീക്ഷണം നടത്താനായിരുന്നു ഇസ്രൊ ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ ഈ ശ്രമം 9-ാം തിയതിയിലേക്ക് നീട്ടിവെച്ചു. ഒന്‍പതാം തിയതി ചേസര്‍, ടാര്‍ഗറ്റ് ഉപഗ്രഹങ്ങള്‍ തമ്മിലുള്ള അകലം 500 മീറ്ററില്‍ നിന്ന് 225 മീറ്ററിലേക്ക് കുറച്ചുകൊണ്ടുവരുന്നതിനിടെ വീണ്ടും സാങ്കേതിക പ്രശ്‌നം നേരിട്ടതിനാല്‍ ഡോക്കിംഗ് പരീക്ഷണം രണ്ടാമതും നീട്ടുന്നതായി ഇസ്രൊ അറിയിക്കുകയായിരുന്നു. പിന്നീട് ഐഎസ്ആര്‍ഒ ഏറെ കരുതലോടെയാണ് ഡോക്കിംഗിനായുള്ള മൂന്നാം ശ്രമം ആരംഭിച്ചത്. 

പതിനൊന്നാം തിയതിയിലെ മൂന്നാം പരിശ്രമത്തില്‍ 500 മീറ്ററില്‍ നിന്ന് 230 മീറ്ററിലേക്കും 105 മീറ്ററിലേക്കും 15 മീറ്ററിലേക്കും 3 മീറ്ററിലേക്കും ഇസ്രൊ അനായാസം ഉപഗ്രഹങ്ങളെ കൊണ്ടുവന്നു. എന്നാല്‍ ഇതൊരു ട്രെയല്‍ മാത്രമായിരുന്നു എന്ന അറിയിപ്പ് പിന്നാലെ ഐഎസ്ആര്‍ഒയുടെ ഭാഗത്ത് നിന്നെത്തി. ഉപഗ്രഹങ്ങളെ വീണ്ടും സുരക്ഷിതമായ അകലത്തിലേക്ക് മാറ്റുകയും ചെയ്തു. വിവരങ്ങൾ പഠിച്ച ശേഷമേ അടുത്ത നീക്കമുണ്ടാകൂ എന്ന അറിയിപ്പ് വന്നതോടെ ആകാംക്ഷ ഇരട്ടിച്ചു. ഒടുവില്‍ കാത്തിരിപ്പ് അവസാനിപ്പിച്ച് ഇന്ന് രാവിലെ സ്പേഡെക്സ് സ്പേസ് ഡോക്കിംഗ് പരീക്ഷണം വിജയത്തിലെത്തിയതായുള്ള അഭിമാന വാര്‍ത്ത പുറത്തുവരികയായിരുന്നു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments