Tuesday, April 21, 2026
No menu items!
Homeവാർത്തകൾഏഴ് നിയമസഭ മണ്ഡലങ്ങളിലെ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ച സ്‌ട്രോങ് റൂമിനോട് ചേർന്ന മുറി തുറന്നതായി പരാതി.

ഏഴ് നിയമസഭ മണ്ഡലങ്ങളിലെ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ച സ്‌ട്രോങ് റൂമിനോട് ചേർന്ന മുറി തുറന്നതായി പരാതി.

കോഴിക്കോട്: ജില്ലയിലെ ഏഴ് നിയമസഭ മണ്ഡലങ്ങളിലെ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ച സ്‌ട്രോങ് റൂമിനോട് ചേർന്ന മുറി തുറന്നതായി പരാതി. പേരാമ്പ്ര, കൊയിലാണ്ടി, എലത്തൂർ, കോഴിക്കോട് നോർത്ത്, കോഴിക്കോട് സൗത്ത്, ബേപ്പൂർ, കുന്ദമംഗലം, ബാലുശേരി മണ്ഡലങ്ങളിലെ വോട്ടു യന്ത്രങ്ങൾ സൂക്ഷിച്ച വെള്ളിമാട്കുന്ന് ജെ.ഡി.ടി സ്കൂളിലെ മുറിയാണ് തുറന്നത്. എന്നാൽ, എൻകോർ സോഫ്റ്റ്‌വെയറിലെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിന് പേരാമ്പ്ര മണ്ഡലത്തിലെ പോളിങ് രേഖകൾ സൂക്ഷിച്ച സീൽ ചെയ്യാത്ത മുറിയാണ് സ്ഥാനാർഥികളുടെ ഏജന്‍റുമാരുടെ സാന്നിധ്യത്തിൽ തുറന്നതെന്ന് പേരാമ്പ്ര മണ്ഡലം റിട്ടേണിങ് ഓഫിസർ അറിയിച്ചു. ഇലക്ട്രോണിക് വോട്ടു യന്ത്രങ്ങളോ തപാൽ ബാലറ്റുകളോ സൂക്ഷിച്ച മുറി അല്ല തുറന്നതെന്നും റിട്ടേണിങ് ഓഫിസർ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ ജില്ല കലക്ടറോട് റിപ്പോർട്ട് തേടി. തിങ്കളാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം. കേന്ദ്രസേനയും പൊലീസും കാവലുള്ള സ്ഥലത്താണ് ജീവനക്കാർ വാതിൽ തുറന്ന് അകത്ത് കയറിയത്. വിവരം പുറത്തുവന്നതോടെ എം.കെ. രാഘവൻ എം.പി, ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺകുമാർ, മുസ്‍ലിം ലീഗ് ജില്ല പ്രസിഡന്റ് എം.എ. റസാഖ് തുടങ്ങിയവരുൾപ്പെടെ യു.ഡി.എഫ് നേതാക്കൾ പ്രതിഷേധവുമായി സ്ഥലത്തെത്തി. 10 മിനിറ്റലിധകം സമയം ഉദ്യോഗസ്ഥർ മുറിയിൽ ചെലവഴിച്ചതായാണ് സി.സി.ടി.വി ദൃശ്യങ്ങളിലുള്ളതെന്നും പൊലീസും മുറിയിൽ കയറിയിട്ടുണ്ടെന്നും അട്ടിമറി നടന്നതായി സംശയമുണ്ടെന്നും നേതാക്കൾ ആരോപിച്ചു. ഫോം 17 ന്റെ വെരിഫിക്കേഷനുമായി ബന്ധപ്പെട്ടാണ് മുറി തുറക്കുന്നതെന്നാണ് തന്നെ അറിയിച്ചതെന്ന് പേരാമ്പ്രയിലെ യു.ഡി.എഫ് സ്ഥാനാർഥി ഫാത്തിമ തഹ്‍ലിയ പറഞ്ഞു. സ്‌ട്രോങ് റൂമിന് സമീപത്തല്ല ഇത്തരത്തിലുള്ള പരിശോധന നടത്തേണ്ടതെന്ന് ഡി.സി.സി പ്രസിഡന്‍റ് കെ. പ്രവീൺകുമാർ പ്രതികരിച്ചു. തുറന്ന മുറിക്കുള്ളിൽ സർക്കാർ ജീവനക്കാർ ഉൾപ്പെടെ കയറിയിട്ടുണ്ടെന്നും എന്തിനാണെന്നതിൽ കൃത്യമായ മറുപടി പറയണമെന്നും എം.കെ. രാഘവൻ എം.പി ആവശ്യപ്പെട്ടു.കെ. പ്രവീൺ കുമാർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർക്കും ജില്ല കലക്ടർക്കും പരാതി നൽകി. റിട്ടേണിങ് ഓഫിസർക്കും മറ്റ് ഉദ്യോഗസ്ഥർക്കുമെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments