ന്യൂഡല്‍ഹി: വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി ബില്ലില്‍ ലോക്‌സഭ സംയുക്ത പാര്‍ലമെന്ററി സമിതി രൂപീകരിച്ചു. 31 അംഗസമിതിയാണ് രൂപികരിച്ചത്. സഞ്്ജയ് ജയ്‌സ്വാള്‍ ആണ് ചെയര്‍പേഴ്‌സണ്‍. ബിഹാറില്‍ നിന്നുള്ള ബിജെപി എംപിയാണ് ജയ്‌സ്വാള്‍.ലോക്‌സഭയില്‍ നിന്ന് 21 പേരും രാജ്യസഭയില്‍ നിന്ന് പത്തുപേരുമാണ് സമിതിയില്‍ ഉള്ളത്. കേരളത്തില്‍ നിന്ന് ആന്റോ ആന്റണി, ഇടി മുഹമ്മദ് ബഷീര്‍, സി സദാനന്ദന്‍ എന്നിവരാണ് അംഗങ്ങള്‍. അതത് പാര്‍ട്ടികളാണ് അംഗങ്ങളെ നിര്‍ദേശിച്ചത്. സമിതിയില്‍ കോണ്‍ഗ്രസിന് അഞ്ച് അംഗങ്ങളാണ് ഉള്ളത്. ജെപിസിയില്‍ ഭൂരിപക്ഷം എന്‍ഡിഎയ്ക്കും ബിജെപിക്കുമാണ്.കഴിഞ്ഞ മാര്‍ച്ച് 25-നാണ് ആഭ്യന്തരമന്ത്രി അമിത്ഷാ വിവാദബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചത്. പിന്നാലെ ക്രൈസ്തവസംഘടനകളില്‍നിന്നടക്കം എതിര്‍പ്പ് ശക്തമായതോടെ തുടര്‍നടപടികള്‍ താത്കാലികമായി മരവിപ്പിച്ചു. എഫ്‌സിആര്‍എ ലൈസന്‍സ് റദ്ദായാല്‍ മുന്‍കാല പ്രാബല്യത്തോടെ ആസ്തികള്‍ പിടിച്ചെടുക്കുന്നതടക്കമുള്ള വിവാദവ്യവസ്ഥകള്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരേ ആയുധമാക്കുമെന്ന വാദമാണ് ആശങ്കകള്‍ക്കും പ്രതിഷേധത്തിനും വഴിയൊരുക്കിയത്

