മലയാളത്തിൻ്റെ സ്വകാര്യ അഹങ്കാരമായ എം.ടി വാസുദേവൻ നായർ വിട പറഞ്ഞു. 91 വയസ്സായിരുന്നു. മലയാള സാഹിത്യത്തിനും, ചലച്ചിത്ര ലോകത്തിനും നിർലോഭ സംഭവനകൾ നൽകിയ അപൂർവ പ്രതിഭാശാലി കൂടിയാണ് മായുന്നത്. നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്രസംവിധായകൻ, സാഹിത്യകാരൻ, നാടകകൃത്ത് എന്നീ നിലകളിൽ പ്രശസ്തനായ മലയാളിയാണ് മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ. തൊട്ടതെല്ലാം പൊന്നാക്കിയ പ്രതിഭാശാലി. അദ്ധ്യാപകൻ, പത്രാധിപൻ എന്നീ നിലകളിലും പ്രവർത്തിച്ച ഇദ്ദേഹത്തിന് പത്മഭൂഷൺ, ജ്ഞാനപീഠം എഴുത്തച്ഛൻ പുരസ്കാരം, ജെസി ഡാനിയൽ പുരസ്കാരം, പ്രഥമ കേരള ജ്യോതി പുരസ്കാരം ,കേരള നിയമസഭ പുരസ്കാരം മുതലായ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
ശ്വാസ തടസത്തെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയോളമായി അദ്ദേഹം കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. ഒരു ഘട്ടത്തിൽ ആരോഗ്യനിലയിൽ നേരിയ പുരോഗതി കാണിച്ചെങ്കിലും രാത്രിയോടെ വീണ്ടും വഷളവുകയായിരുന്നു. വിദഗ്ധ വൈദ്യസംഘം അദ്ദേഹത്തിന്റെ ആരോഗ്യനില വീണ്ടെടുക്കുവാൻ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. കഴിഞ്ഞ കുറെ നാളുകളായി വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അദ്ദേഹം വിശ്രമത്തിലാണ്. ഒരുമാസം മുന്‍പ് ശ്വാസതടസ്സവും ന്യൂമോണിയയും മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അന്നും ആരോഗ്യനില വഷളായിരുന്നു. ദിവസങ്ങള്‍ നീണ്ട ചികിത്സയെ തുടര്‍ന്ന് ന്യൂമോണിയ മാറി ആശുപത്രി വിട്ട് ജീവിതത്തിലേക്ക് തിരിച്ചുവന്ന എംടി വീട്ടില്‍ വിശ്രമജീവിതം നയിച്ച് വരികയായിരുന്നു. അതിനിടെയാണ് വീണ്ടും ശ്വാസംതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
1933 ജൂലൈയിൽ പാലക്കാട് ജില്ലയിലെ കൂടല്ലൂരിൽ ആണ് എം ടി വാസുദേവൻ നായർ എന്ന എംടിയുടെ ജനനം. പുന്നയൂർക്കുളത്തുക്കാരനായ ടി നാരായണൻ നായരുടെയും കൂടല്ലൂരുകാരിയായ അമ്മാളുവമ്മയുടെയും ഇളയ മകൻ. തൃശൂർ ജില്ലയിലെ പൂന്നയൂർക്കുളത്തും പാലക്കാട്ട് ജില്ലയിലെ കൂടല്ലൂരുമായിട്ടായിരുന്നു ചെറുപ്പക്കാലം ചെലവഴിച്ചത്. കോപ്പൻ മാസ്റ്ററുടെ കുടിപ്പള്ളിക്കൂടത്തിലാണ് വിദ്യാഭ്യാസം ആരംഭിച്ചത്.
പിന്നെ, മലമക്കാവ് എലിമെന്ററി സ്ക്കൂളിലും കുമരനെല്ലൂർ ഹൈസ്ക്കൂളിലും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. പാലക്കാട് വിക്ടോറിയ കോളേജിൽ ഉപരിപഠനം. ഒരു ജോലി ലഭിക്കാനുള്ള സാധ്യത പരിഗണിച്ച് രസതന്ത്രമായിരുന്നു ഐച്ഛിക വിഷയമായിട്ടെടുത്തത്. കോളേജ് വിദ്യാഭ്യാസത്തിന് ശേഷം ഒന്ന് രണ്ട് സ്ക്കൂളുകളിൽ അധ്യാപകനായി ജോലി ചെയ്തു. 1954ൽ പട്ടാമ്പി ബോർഡ് ഹൈസ്കൂളിൽ പിന്നെ ചാവക്കാട് ബോർഡ് ഹൈസ്കൂളിലും അധ്യാപകനായി. രണ്ടിടത്തും കണക്കാണ് പഠിപ്പിച്ചിരുന്നത്. 1955-56 കാലത്ത് പാലക്കാട് എം.ബി. ട്യൂട്ടോറിയലിൽ അധ്യാപകനായും ജോലിനോക്കി. ഇതിനിടയിൽ തളിപ്പറമ്പിൽ ഗ്രാമസേവകന്റെ ഉദ്യോഗം കിട്ടിയെങ്കിലും ദിവസങ്ങൾക്കകം രാജിവച്ചു.
തുടർന്ന് മാതൃഭൂമിയിൽ ചേർന്നു. ഔദ്യോഗികജീവിതം കൂടുതലും കോഴിക്കോടായിരുന്നു.
എം.ടി രണ്ട് തവണ വിവാഹം കഴിച്ചിട്ടുണ്ട്.1965ൽ. എഴുത്തുകാരിയും വിവർത്തകയുമായ പ്രമീളയെയും 1977ൽ പ്രശസ്ത നർത്തകി കലാമണ്ഡലം സരസ്വതിയെയും. കോഴിക്കോട് നടക്കാവിൽ രാരിച്ചൻ റോഡിലെ ‘സിതാര’യിലാണ് താമസം. മൂത്തമകൾ സിതാര ഭർത്താവിനൊപ്പം അമേരിക്കയിൽ ബിസിനസ് എക്സിക്യൂട്ടീവാണ്. ന്യൂജഴ്സിയിൽ താമസിക്കുന്നു. രണ്ടാമത്തെ മകൾ അശ്വതിയും നർത്തകിയാണ്.



