Tuesday, December 23, 2025
No menu items!
Homeവാർത്തകൾഉമ തോമസിൻ്റെ ചികിത്സക്കായി മെഡിക്കൽ സംഘം രൂപീകരിച്ചു; കോട്ടയം മെഡിക്കൽ കോളേജിൽ നിന്നുള്ള ഡോക്ടർമാർ കൊച്ചിയിലേക്ക്...

ഉമ തോമസിൻ്റെ ചികിത്സക്കായി മെഡിക്കൽ സംഘം രൂപീകരിച്ചു; കോട്ടയം മെഡിക്കൽ കോളേജിൽ നിന്നുള്ള ഡോക്ടർമാർ കൊച്ചിയിലേക്ക് എത്തുന്നു

സ്റ്റേജിൽ നിന്നുവീണ് പരിക്കേറ്റ ഉമ തോമസ് എം.എൽ.എ.യുടെ ചികിത്സക്കായി മെഡിക്കൽ സംഘം രൂപീകരിച്ചതായി മന്ത്രി പി രാജീവ് അറിയിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ നിന്നുള്ള ഡോക്ടർമാരുടെ സംഘം ഉടൻ കൊച്ചിയിൽ എത്തുമെന്ന് മന്ത്രി പറഞ്ഞു. എംഎൽഎ ചികിത്സയിലുള്ള സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരും സംഘത്തിലുണ്ടായിരിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. എംഎൽഎയ്ക്ക് തലയ്ക്കും നട്ടെല്ലിനും ശ്വാസകോശത്തിനും പരിക്കുണ്ടെന്ന് ഡോക്ടർമാരുടെ സംഘം അറിയിച്ചു. കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ടിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ചികിത്സക്കായി എത്തുന്നത്. കോട്ടയം, എറണാകുളം മെഡിക്കൽ കോളേജുകളിൽ നിന്നുള്ള വിദഗ്ദ്ധർ സംഘത്തിലുണ്ട്.

അതേസമയം, കലൂർ സ്റ്റേഡിയത്തിൽ മതിയായ സുരക്ഷ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ലെന്ന് ഹൈബി ഈഡൻ എംപി പറഞ്ഞു. ​ഗാലറിക്ക് മുൻവശത്തായി മറ്റൊരു സ്റ്റേജ് നിർമ്മിച്ചായിരുന്നു പരിപാടി. ഇത് വലിയൊരു സ്റ്റേജ് ആയിരുന്നില്ല. ഇവിടെയായിരുന്നു ഉദ്ഘാടന ച്ചടങ്ങ് സംഘടിപ്പിച്ചിരുന്നത്. ഇത് പരിശോധിക്കേണ്ടതാണ്. ഉയരത്തിലുള്ള ഗ്യാലറിക്ക് കൃത്യമായ ബാരിക്കേഡ് ഉണ്ടായിരുന്നില്ല. ഒരു ക്യു മാനേജർ മാത്രമാണ് ഉണ്ടായിരുന്നത്. അതിനെക്കുറിച്ച് പരിശോധിക്കണം. ഇതൊന്നും പറയേണ്ട സമയമല്ലെന്നും എങ്കിലും ഇത്തരം കാര്യങ്ങൾ പരിശോധിക്കേണ്ടതാണെന്നും എംപി പറഞ്ഞു. സുരക്ഷാ സംവിധാനങ്ങൾ പരിശോധിക്കുമെന്ന് സംഘാടകരും പ്രതികരിച്ചു. പരിപാടി സംബന്ധിച്ച് പരിശോധിക്കുമെന്ന് കൊച്ചി കമ്മീഷണർ പുട്ടവിമലാദിത്യ പറഞ്ഞു. അന്വേഷണം തുടങ്ങിയതായും അദ്ദേ​ഹം അറിയിച്ചു.

അതിനിടെ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആശുപത്രിയിലെത്തി. നിലവിൽ ഉമ തോമസ് വെൻ്റിലേറ്ററിൽ തുടരുകയാണ്. വാരിയെല്ല് പൊട്ടി ശ്വാസകോശത്തിൽ മുറിവേറ്റു, തലച്ചോറിലും മുറിവുണ്ടായെന്നും നട്ടെല്ലിനും പരിക്കുണ്ടെന്നും ചികിത്സിക്കുന്ന കൊച്ചി റിനൈ മെഡിസിറ്റിയിലെ ഡോക്ടർമാർ പറഞ്ഞു. അടിയന്തിര ശസ്ത്രക്രിയ നടത്തില്ലെന്നും ശ്വാസകോശത്തിൽ രക്തം കയറിയെന്നുമാണ് ഡോക്ടർമാർ പ്രതികരിച്ചത്. ശ്വാസകോശത്തിനും തലച്ചോറിനും സാരമായി പരുക്കേറ്റിട്ടുണ്ട്. ബോധം, പ്രതികരണം, ഓർമ്മയെ ഒക്കെ ബാധിക്കാവുന്ന ക്ഷതങ്ങളാണ് ഏറ്റിട്ടുള്ളത്. പെട്ടെന്ന് ഭേദമാകുന്ന പരിക്കുകളല്ല ഉണ്ടായിരിക്കുന്നതെന്നും ഡോക്ടർമാർ പറഞ്ഞു. മന്ത്രി സജി ചെറിയാനും കോൺഗ്രസ് നേതാക്കളും പ്രവർത്തകരും അടക്കം ആശുപത്രിയിലെത്തിയിട്ടുണ്ട്.

നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് സംഘടിപ്പിച്ച ഭരതനാട്യം നര്‍ത്തകരുടെ നൃത്ത സന്ധ്യക്കിടെയാണ് അപകടം ഉണ്ടായത്. പരിപാടി ആരംഭിക്കാനിരിക്കെ സ്റ്റേഡിയത്തിലെത്തിയ എംഎൽഎ മന്ത്രി സജി ചെറിയാനെ അഭിവാദ്യം ചെയ്ത ശേഷം തൻ്റെ ഇരിപ്പിടത്തിലേക്ക് ഇരിക്കാനായി പോകുമ്പോൾ കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു.
ഇവിടെ സ്ഥാപിച്ച താത്കാലിക ബാരിക്കേഡ് ബലമുള്ളതായിരുന്നില്ല.

താഴെ കോൺക്രീറ്റ് സ്ലാബിൽ തലയിടിച്ച് വീണ എംഎൽഎയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ഉടനെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. തലയിലെ പരിക്കിൽ നിന്ന് രക്തം വാർന്നുപോയിട്ടുണ്ട്. തലക്കകത്ത് ആന്തരിക രക്തസ്രാവം ഉണ്ടായെന്നും രക്തം കട്ടപിടിച്ചെന്നും സംശയമുണ്ട്. നിലവിൽ കൊച്ചി പാലാരിവട്ടം റിനൈ മെഡിസിറ്റിയിൽ ട്രോമ കെയറിലാണ് അവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments