ന്യൂഡൽഹി: പ്രായപൂർത്തിയായ രണ്ട് പേരുടെ ഉഭയസമ്മതപ്രകാരമുള്ള ബന്ധത്തിൽ വിള്ളൽ വീഴുമ്പോൾ അത് പുരുഷനെതിരെയുള്ള ബലാൽസംഗ കേസ് രജിസ്റ്റർ ചെയ്യാനുള്ള ക്രിമിനൽ കുറ്റമായി കണക്കാക്കാനാകില്ലെന്ന് സുപ്രീംകോടതി. ഔറംഗബാദിലെ ഒരു അഭിഭാഷകനെതിരെ സമർപ്പിച്ച ബലാൽസംഗ കേസ് തള്ളിക്കൊണ്ടാണ് കോടതി ഈ പരാമർശം നടത്തിയത്. പരസ്പര ബന്ധം വിയോജിപ്പിലും നിരാശയിലും അവസാനിച്ചെന്ന കാരണത്താൽ മുമ്പ് നടന്ന ലൈംഗിക ബന്ധം ബലാൽസംഗമാണെന്ന് കരുതാനാകില്ലെന്ന് ജസ്റ്റിസുമാരായ ബി.വി. നാഗരത്നയും ആർ. മഹാദേവനും അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. വിവാഹ വാഗ്‌ദാനം നൽകി ബലാൽസംഗം ചെയ്തെന്ന ആരോപണത്തിന് വ്യക്തമായ തെളിവ് ആവശ്യമാണ്. വിവാഹത്തിലേക്ക് എത്തിയില്ല എന്ന കാരണത്താൽ തുടക്കത്തിലെ ഉഭയസമ്മത പ്രകാരമുള്ള ബന്ധത്തിന് ക്രിമിനൽ നിറം ചാർത്താനുമാകില്ല. പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധവും ബലാൽസംഗവും വ്യത്യസ്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രസ്തുത കേസിൽ കുറ്റാരോപിതനായ അഭിഭാഷകൻ വിവാഹ വാഗ്‌ദാനം നൽകി മൂന്ന് വർഷം തുടർച്ചയായി പീഡിപ്പിച്ചെന്നായിരുന്നു ഹരജിക്കാരിയായ സ്ത്രീയുടെ ആരോപണം. പല തവണ ഗർഭം ധരിച്ചെന്നും അഭിഭാഷകന്‍റെ അനുമതിയോടെ അലസിപ്പിക്കുകയാണ് ചെയ്തതെന്നും സ്ത്രീ പറഞ്ഞു. വിവാഹ വാഗ്‌ദാനത്തിൽ നിന്ന് പിൻമാറിയപ്പോഴാണ് സ്ത്രീ അയാൾക്കെതിരെ ബലാൽസംഗ കേസ് ഫയൽ ചെയ്തത്. വിചാരണ കോടതിയിൽനിന്ന് മുൻകൂർ ജാമ്യമെടുത്ത അഭിഭാഷകൻ തനിക്കെതിരെയുള്ള കേസ് ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ 528-ാം വകുപ്പ് അനുസരിച്ച് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബോംബെ ഹൈകോടതിയെ സമീപിച്ചെങ്കിലും ആരോപണങ്ങൾ ശരിയാണോയെന്നറിയാൻ വിചാരണ വേണമെന്ന് വ്യക്തമാക്കി ഹരജി തള്ളിയിരുന്നു. അതേ തുടർന്നാണ് അഭിഭാഷകൻ സുപ്രീംകോടതിയെ സമീപിച്ചത്. സ്ത്രീ ആവശ്യപ്പെട്ട ഒന്നര ലക്ഷം രൂപ കൊടുക്കാൻ വിസമ്മതിച്ചതിനാണ് തനിക്കെതിരെ കേസുമായി വന്നതെന്നും മൂന്ന് വർഷത്തെ ബന്ധത്തിനിടയിൽ ഒരിക്കൽ പോലും ബലാൽസംഗം ആരോപിച്ച് അവർ കേസ് കൊടുത്തിട്ടില്ലെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.



