ചെറുതോണി : സമുദ്രനിരപ്പില്‍നിന്നു 3000 അടിക്കു മുകളില്‍ ഉയരമുള്ള മൂന്നാർ, വാഗമണ്‍, പീരുമേട്, വണ്ടിപ്പെരിയാർ തുടങ്ങിയ പ്രദേശങ്ങളില്‍ തേയില കൃഷി വ്യാപകമാകാൻ കാരണം. ഇത്തരം മേഖലകളിലെ മഞ്ഞു മൂടിയ കാലാവസ്ഥയും തേയില കൃഷിയ്ക്ക് അനുയോജ്യമാണ്. എന്നാല്‍ സമുദ്രനിരപ്പില്‍നിന്നു 1600 അടി മാത്രം ഉയരമുള്ള ഉപ്പുകുന്നിലെ വലിയപുത്തൻപുരയ്ക്കല്‍ വീട്ടില്‍ ദിവാകരന്‍റെ കൃഷിയിടത്തില്‍ എത്തിയാല്‍ മറ്റൊരു മൂന്നാറിലെത്തിയ പ്രതീതിയാണ് അനുഭവപ്പെടുക. ഇവിടെ സാധാരണ കൃഷി ചെയ്തുവരുന്ന പതിവു വിളകളില്‍നിന്നും വ്യത്യസ്തമായി തേയില കൃഷി ചെയ്ത് വിജയഗാഥ രചിക്കുകയാണ് ദിവാകരൻ.
സാമൂഹിക മാധ്യമങ്ങളിലൂടെ ഉപ്പുകുന്നിന്‍റെ ദൃശ്യമനോഹാരിത പുറം ലോകമറിഞ്ഞു തുടങ്ങിയതോടെ ഒട്ടേറെ സഞ്ചാരികളാണ് ഇവിടം സന്ദർശിക്കുന്നത്. ദിവാകരന്‍റെ തേയിലത്തോട്ടം ഇവർക്ക് മനോഹര കാഴ്ചയാണ് സമ്മാനിക്കുന്നത്. 26 വർഷം മുന്പാണ് സ്വന്തമായുള്ള രണ്ടരയേക്കർ സ്ഥലത്ത് തേയിലക്കൃഷി ചെയ്യാൻ ദിവാകരൻ തീരുമാനിച്ചത്. ഒരു തേയില ചെടിക്ക് 150 വർഷം വരെ ആയുസുള്ളതിനാല്‍ അടിക്കടി ആവർത്തനകൃഷി നടത്തേണ്ട സാഹചര്യവും ഇതുമൂലമുണ്ടാകുന്ന ചെലവ് ഒഴിവാക്കാനും സ്ഥിരവരുമാനവുമായിരുന്നു ഈ തീരുമാനത്തിനു പിന്നില്‍. ലോറേഞ്ചില്‍ തേയില കൃഷിയിലൂടെ നേട്ടമുണ്ടാക്കാനാകുമോയെന്ന ആശങ്ക പലരും പങ്കുവച്ചെങ്കിലും ഇതൊന്നും കാര്യമാക്കാതെ ദിവാകരൻ തീരുമാനത്തില്‍ ഉറച്ചുനിന്നു.
ടീ ബോർഡ് വണ്ടിപ്പെരിയാറില്‍ സംഘടിപ്പിച്ച പരിശീലന ക്യാന്പില്‍ പങ്കെടുത്തതോടെ തീരുമാനം കൂടുതല്‍ അരക്കിട്ടുറപ്പിച്ചു. പിന്നീട് തമിഴ്നാട്ടിലെ കുനൂരില്‍ എത്തി ഉപാസി -9 ഇനം തേയിലച്ചെടികള്‍ വാങ്ങിക്കൊണ്ടുവന്നു. സ്ഥലം തയാറാക്കി 12,000 ഓളം തൈകള്‍ നട്ടു. കൃത്യമായ പരിചരണത്തിലൂടെ ചെടികള്‍ നന്നായി വളർന്ന് വിളവെടുപ്പിന് പാകമായി. പൂർണമായും ജൈവരീതിയിലായിരുന്നു കൃഷി. അതിനാല്‍ ജൈവ സർട്ടിഫിക്കേഷനും ലഭിച്ചു. ഇതോടെ വിപണി വിലയെക്കാള്‍ ഇരട്ടി വിലയ്ക്ക് തേയില കൊളുന്ത് വില്‍ക്കാനും സാധിച്ചു.
പീരുമേട് ഡവലപ്മെന്‍റ് സൊസൈറ്റിക്കാണ് ആദ്യം കൊളുന്ത് നല്‍കിയിരുന്നത്. ഇവിടെനിന്നു ജർമനിയിലേക്ക് കയറ്റി അയയ്ക്കുകയായിരുന്നു. മൂന്നുവർഷം വലിയ കുഴപ്പങ്ങളില്ലാതെ മുന്നോട്ടുപോയി. പിന്നീട് ഇവിടെ തേയിലകൊളുന്ത് എടുക്കുന്നത് നിർത്തി. ഇതോടെ വിപണി കണ്ടെത്താനാകാതെ ദിവാകരൻ ദുരിതത്തിലായി. പിന്നീട് കിട്ടുന്ന വിലയ്ക്ക് വില്‍ക്കേണ്ട സാഹചര്യമായി. വിലകുറഞ്ഞാലും കൃത്യസമയത്ത് വിളവെടുപ്പ് നടത്തണം. ഇല്ലെങ്കില്‍ പച്ചക്കൊളുന്ത് ഉപയോഗശൂന്യമാകും.
ഒറ്റത്തവണ 3000 മുതല്‍ 4000 കിലോ വരെയാണ് കൊളുന്ത് ലഭിക്കുന്നത്. വേനലില്‍ ഇത് 1000 കിലോയിലേക്ക് താഴും. ന്യായവില ലഭിക്കാതെ വന്നതോടെ വരുമാനം കുറഞ്ഞു. ഇതു പരിചരണത്തിലും കുറവ് വരാൻ കാരണമായി. ഹൈറേഞ്ച് മേഖലയില്‍ ലഭിക്കുന്നതിനെക്കാള്‍ വിളവ് ഇവിടെ ലഭിക്കുന്നുണ്ടെങ്കിലും വാഹനക്കൂലി, തൊഴിലാളികളുടെ വേതനം എന്നിവയെല്ലാം താങ്ങാനാകാത്തനിലയിലാണ്.
ഇതിനിടെ ലോറേഞ്ചായ ഉപ്പുകുന്നിലെ തേയില കൃഷി വിജയം കൈവരിച്ചതോടെ കൃഷിഭവന്‍റെ ഉള്‍പ്പെടെ നിരവധി അവാർഡുകളും ഇദ്ദേഹത്തെ തേടിയെത്തി. ജില്ലയില്‍ നാലായിരത്തോളം ചെറുകിട തേയില കർഷകരുണ്ടെന്നാണ് കണക്ക്. ഇവരെല്ലാം കടുത്ത പ്രതിസന്ധിയിലാണ്. ഇതര സംസ്ഥാനങ്ങളില്‍ കൃഷിക്ക് ഏറെ സഹായം നല്‍കുന്പോഴും ഇവിടെ കർഷകർ നിലനില്‍പ്പിനായുള്ള പോരാട്ടത്തിലാണ്. ടീ ബോർഡുള്‍പ്പെടെ വിവിധ സർക്കാർ സ്ഥാപനങ്ങളുണ്ടെങ്കിലും കർഷകരെ സഹായിക്കാൻ ആരും തയാറാകുന്നില്ലെന്ന് 72 കാരനായ ദിവാകരൻ പറയുന്നത്. നിരവധി കൃഷികള്‍ നടത്തിയിട്ടുണ്ടെങ്കിലും ഇതുവരെയും സാമ്പത്തികമായി കാര്യമായ പ്രയോജനം ഉണ്ടാകാത്ത സ്ഥിതിയാണുള്ളതെന്നും ഈ കർഷകൻ പറയുന്നു.
15 വർഷത്തോളം ഉടുമ്പന്നൂർ ജൈവ തേൻ ഗ്രാമത്തിന്‍റെ പ്രസിഡന്‍റുമായിരുന്നു ഇദ്ദേഹം. ഉപ്പുകുന്നിലെത്തുന്ന വിനോദസഞ്ചാരികള്‍ക്കും ഇവിടുത്തെ തേയില കൃഷി ആകർഷകമായിരിക്കുകയാണ്. നിരവധിപ്പേരാണ് ലോറേഞ്ചിലെ കാശ്മീരായ ഉപ്പുകുന്നിലെ തേയിലക്കൃഷി കാണാനെത്തുന്നത്. കൃഷിക്ക് നഷ്ടം നേരിടുന്പോഴും ഉപ്പുകുന്നിലെ വർധിച്ചുവരുന്ന ടൂറിസം സാധ്യതകളിലാണ് ദിവാകരന്‍റെ പ്രതീക്ഷ.



