മോസ്കോ: ഉപരോധം അടക്കമുള്ള അമേരിക്കയുടെ സമ്മർദ്ദത്തിന് വഴങ്ങില്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ പറഞ്ഞു. ആത്മാഭിമാനമുള്ള ഒരു രാജ്യവും സമ്മർദ്ദത്തിന് മുന്നിൽ കീഴടങ്ങില്ല. യു.എസിന്റെ ഉപരോധ തീരുമാനം സൗഹൃദത്തിന് നിരക്കാത്തതും കനത്ത പ്രത്യാഘാതം ക്ഷണിച്ചുവരുത്തുന്നതുമാണ്. യു.എസ് നൽകുന്ന ദീർഘദൂര മിസൈൽ ഉപയോഗിച്ച് യുക്രെയ്ൻ റഷ്യയെ ആക്രമിച്ചാൽ കനത്ത തിരിച്ചടി നൽകും- പുടിൻ പറഞ്ഞു. അതേസമയം, തെക്കൻ റഷ്യയിലെ പ്രധാന വാതക സംസ്കരണ പ്ലാന്റിൽ യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തി. ഇതിനെത്തുടർന്ന് കസാഖ്സ്താനിൽനിന്ന് പ്ലാന്ററിലേക്ക് വാതകം എത്തിക്കുന്നത് നിർത്തിവെച്ചു. റഷ്യൻ സർക്കാർ ഉടമസ്ഥതയിലുള്ള ഗാസ്പ്രോമിന്റെ ഒറെൻബർഗ് പ്ലാന്റിനുനേരെയാണ് യുക്രെയ്ൻ ആക്രമണം നടത്തിയത്. ലോകത്തെ ഏറ്റവും വലിയ വാതക ഉൽപാദന, സംസ്കരണ പ്ലാന്റുകളിലൊന്നായ ഇത് കസാഖ് അതിർത്തിയിലാണ് സ്ഥിതി ചെയ്യുന്നത്. ഡ്രോൺ ആക്രമണത്തിൽ പ്ലാന്റിൽ തീപിടിത്തമുണ്ടായി.അതേസമയം, യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി യുക്രെയ്നിന്റെ ചില പ്രദേശങ്ങൾ റഷ്യക്ക് വിട്ടുകൊടുക്കേണ്ടിവരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സൂചിപ്പിച്ചു.വൻകിട എണ്ണക്കമ്പനികൾക്കെതിരായ അമേരിക്കൻ ഉപരോധം റഷ്യക്ക് ആഘാതമാകുംരണ്ട് വൻകിട എണ്ണക്കമ്പനികൾക്കെതിരായ അമേരിക്കൻ ഉപരോധം റഷ്യൻ സമ്പദ്വ്യവസ്ഥക്ക് കനത്ത ആഘാതമാകുമെന്ന് വിലയിരുത്തൽ. റഷ്യയുടെ ഫെഡറൽ ബജറ്റിെന്റ നാലിലൊന്നും എണ്ണ, വാതക വ്യവസായങ്ങളിൽനിന്ന് നികുതിയായി ലഭിക്കുന്നതാണ്. എണ്ണ ടാങ്കറുകൾക്കും റഷ്യയിൽനിന്നുള്ള പ്രകൃതി വാതക ഇറക്കുമതിക്കും യൂറോപ്യൻ യൂനിയൻ ഏർപ്പെടുത്തിയ ഉപരോധവും ഇരട്ടി ആഘാതമുണ്ടാക്കുന്നതാണ്. കഴിഞ്ഞയാഴ്ച ബ്രിട്ടനും റഷ്യൻ എണ്ണക്കമ്പനികളായ റോസ്നെഫ്റ്റിനും ലുകോയിലിനുമെതിരെ ഉപരോധം പ്രഖ്യാപിച്ചിരുന്നു. റഷ്യൻ എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കാൻ മറ്റ് രാജ്യങ്ങൾക്കുമേൽ അമേരിക്ക സമ്മർദം ചെലുത്തുന്നത് റഷ്യയുടെ അന്താരാഷ്ട്ര എണ്ണ വ്യാപാരത്തെ പ്രതികൂലമായി ബാധിക്കും. എണ്ണയും വാതകവുമാണ് റഷ്യയുടെ ഏറ്റവും വലിയ കയറ്റുമതി ഉൽപന്നങ്ങൾ. ചൈനയും ഇന്ത്യയുമാണ് ഇവയുടെ ഏറ്റവും വലിയ ഉപഭോക്താക്കൾ. കഴിഞ്ഞ വർഷം 10 കോടി ടൺ ക്രൂഡ് ഓയിലാണ് റഷ്യയിൽനിന്ന് ചൈന വാങ്ങിയത്. ചൈനയുടെ മൊത്തം എണ്ണ ഇറക്കുമതിയുടെ 20 ശതമാനത്തോളമാണിത്. യുക്രെയ്ൻ അധിനിവേശത്തിന് പിന്നാലെ റഷ്യ വില കുറച്ച് എണ്ണ വിൽക്കാൻ ആരംഭിച്ചപ്പോൾ ഏറ്റവുമധികം പ്രയോജനപ്പെടുത്തിയത് ഇന്ത്യയാണ്. ഈ വർഷം ആദ്യ ഒമ്പത് മാസങ്ങളിൽ പ്രതിദിനം 17 ലക്ഷം ബാരൽ എണ്ണയാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. ഇതിന് പ്രതികാരമായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യക്കെതിരെ 25 ശതമാനം പിഴത്തീരുവ ചുമത്തിയിരുന്നു.റോസ്നെഫ്റ്റ്, ലുകോയിൽ എന്നിവക്കെതിരെ ഉപരോധം വന്നതോടെ, ഈ കമ്പനികളിൽനിന്ന് നേരിട്ട് എണ്ണ വരുന്നില്ലെന്ന് ഉറപ്പാക്കാൻ ഇന്ത്യൻ എണ്ണക്കമ്പനികൾ നടപടി സ്വീകരിച്ചതായി വാർത്ത ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. സാധാരണയായി ഇടനിലക്കാർ മുഖേനയാണ് ഇന്ത്യൻ കമ്പനികൾ റഷ്യയിൽനിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത്. അതിനാൽ, ഉപരോധം ഇന്ത്യൻ കമ്പനികൾക്ക് തിരിച്ചടിയാകില്ലെന്നും വിലയിരുത്തലുണ്ട്.ഉപരോധ നടപടി യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങൾ അട്ടിമറിക്കുമെന്ന് റഷ്യ അഭിപ്രായപ്പെട്ടു.



