Thursday, August 6, 2026
No menu items!
Homeവാർത്തകൾഉപഭോക്താവിന്റെ ‘അറിയാനുള്ള അവകാശം’; സംസ്ഥാനങ്ങൾ ആറാഴ്ചക്കകം നിലപാട് വ്യക്തമാക്കണം -സുപ്രീംകോടതി

ഉപഭോക്താവിന്റെ ‘അറിയാനുള്ള അവകാശം’; സംസ്ഥാനങ്ങൾ ആറാഴ്ചക്കകം നിലപാട് വ്യക്തമാക്കണം -സുപ്രീംകോടതി

ന്യൂഡൽഹി: ഉപഭോക്താക്കൾക്ക് ഉൽപന്നങ്ങളുടെ ഗുണനിലവാരം, സർട്ടിഫിക്കേഷൻ, വിതരണക്കാരുടെയും വിൽപനക്കാരുടെയും വിശദാംശങ്ങൾ തുടങ്ങിയ കാര്യങ്ങൾ അറിയാനുള്ള അവകാശം ഉറപ്പാക്കണമെന്ന ഹരജിയിൽ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിലപാട് അറിയിക്കാൻ സുപ്രീംകോടതി ആറാഴ്ചകൂടി സമയം അനുവദിച്ചു. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. കഴിഞ്ഞ ജൂലൈയിൽ ഹരജി പരിഗണിച്ച കോടതി വിഷയത്തിൽ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും മറുപടി തേടിയിരുന്നു. ഉൽപന്നങ്ങളെയും സേവനങ്ങളെയും കുറിച്ച് കൃത്യമായ വിവരങ്ങൾ അറിയാനുള്ള അവകാശം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടാണ് അശ്വിനി കുമാർ ഉപാധ്യായ് ഹരജി നൽകിയത്. ഹരിയാന, പഞ്ചാബ്, ബിഹാർ, അസം, ആന്തമാൻ-നികോബാർ ദ്വീപുകൾ തുടങ്ങി ഏതാനും സംസ്ഥാനങ്ങളിൽ നിന്നു മാത്രമാണ് ഇതുവരെ മറുപടി ലഭിച്ചതെന്ന് ഹരജിക്കാരൻ കോടതിയെ അറിയിച്ചു. മറുപടി സമർപ്പിക്കാത്തവർ ആറാഴ്ചക്കകം അത് സമർപ്പിക്കണമെന്ന് കോടതി നിർദേശിച്ചു. കേസ് മൂന്ന് മാസത്തിനുശേഷം വീണ്ടും പരിഗണിക്കാനും കോടതി തീരുമാനിച്ചു. എല്ലാ വിതരണക്കാരും വ്യാപാരികളും കടയുടമകളും സ്ഥാപനത്തിന്റെ രജിസ്ട്രേഷൻ വിവരങ്ങൾ, പേര്, വിലാസം, ഫോൺ നമ്പർ, ജീവനക്കാരുടെ എണ്ണം എന്നിവ പൊതുജനങ്ങൾക്ക് വ്യക്തമായി കാണുന്ന തരത്തിൽ കടയുടെ പ്രവേശന കവാടത്തിൽ പ്രദർശിപ്പിക്കാൻ സർക്കാറുകളോട് നിർദേശിക്കണമെന്ന് ഹരജിയിലുണ്ട്. ഉൽപന്നങ്ങളെയും സേവനങ്ങളെയും കുറിച്ച് തെറ്റായ വിവരങ്ങൾ നൽകി ഉപഭോക്താക്കളെ വഞ്ചിക്കുന്ന വിതരണക്കാരിൽ നിന്നും വ്യാപാരികളിൽ നിന്നും സംരക്ഷണം നേടാൻ ‘അറിയാനുള്ള അവകാശം’ സഹായിക്കുമെന്ന് ഹരജിയിൽ പറയുന്നു. വിൽപനക്കും പണമിടപാടിനും ശേഷം അപ്രത്യക്ഷമാകുന്ന കച്ചവടക്കാർക്കെതിരെ നടപടിയെടുക്കുന്നതിനും ഇത് നിർണായകമാണെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. ഒരു ഉൽപന്നത്തെയോ സേവനത്തെയോ സംബന്ധിച്ച് പരാതി ഉയർന്നാൽ, വിതരണക്കാരുടെയും ഡീലറുടെയും വിൽപനക്കാരന്റെയും വിവരങ്ങൾ ലഭ്യമാകുന്നത് ഉപഭോക്തൃ തർക്കപരിഹാര സംവിധാനങ്ങളെ സമീപിക്കാനും നിയമപരമായ പരിഹാരം തേടാനും സഹായകമാകുമെന്നും ഹരജിയിൽ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments