തിരുവനന്തപുരം: ഉണ്ണിക്കണ്ണന്റെ ജന്മദിന ആഘോഷമായ ശ്രീകൃഷ്ണ ജയന്തി ഇന്ന്. വർണ്ണശബളമായ ശോഭായാത്രകൾ ഉൾപ്പെടെ നാടെങ്ങും വിപുലമായ ആഘോഷങ്ങളോടെ ശ്രീകൃഷ്ണ ജയന്തി (അഷ്ടമിരോഹിണി) ആഘോഷിക്കുന്നു. അതീവ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ആണ് അഷ്ടമിരോഹിണി ആഘോഷങ്ങൾ നടക്കുന്നത് ചിങ്ങമാസത്തിലെ കറുത്തപക്ഷത്തിലെ അഷ്ടമി തിതിയും രോഹിണി നക്ഷത്രവും ഒത്തുവരുന്ന ഈ വിശേഷപ്പെട്ട ദിനത്തിൽ, സംസ്ഥാനത്തെ പ്രമുഖ കൃഷ്ണക്ഷേത്രങ്ങളായ ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രം, അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം തുടങ്ങി വിവിധയിടങ്ങളിൽ പ്രത്യേക പൂജകളും ചടങ്ങുകളും പുലർച്ചെ മുതൽ ആരംഭിച്ചു. കുട്ടികളുടെ വർണ്ണശബളമായ ശോഭായാത്രകൾ, ഉറിയടി മത്സരങ്ങൾ, ഭജനകൾ, സത്സംഗങ്ങൾ എന്നിവയും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിച്ചിട്ടുണ്ട്. ഉണ്ണിക്കണ്ണന്റെ തിരുപ്പിറവി ആഘോഷത്തിന്റെ ഭാഗമായി വീടുകളിൽ അരിമാവുകൊണ്ട് കുട്ടിക്കാൽപ്പാടുകൾ വരച്ചും, വെണ്ണയും നിവേദ്യങ്ങളും ഒരുക്കിയും ഭക്തർ ശ്രീകൃഷ്ണ ജയന്തി വരവേൽക്കുന്നു. ജനത്തിരക്ക് കണക്കിലെടുത്ത് പ്രധാന ക്ഷേത്രങ്ങളിൽ കർശന സുരക്ഷയും വിപുലമായ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.ശ്രീകൃഷ്ണ ജയന്തി ദിനമായ ഇന്ന് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലുടനീളം വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. “മായ വിട്ടുണരൂ, മാനവനായി വളരൂ” എന്ന സന്ദേശമുയർത്തിയാണ് ഈ വർഷത്തെ ആഘോഷങ്ങൾ നടക്കുന്നത്. സംസ്ഥാനത്തെമ്പാടുമായി ആയിരക്കണക്കിന് ശോഭായാത്രകളാണ് ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് നാലുമണി മുതൽ നടക്കുന്നത്. കണ്ണൂരിൽ മാത്രം അഞ്ഞൂറിലേറെ ശോഭായാത്രകൾ സംഘടിപ്പിച്ചിട്ടുണ്ട്. കുട്ടികൾ ഉണ്ണിക്കണ്ണന്റെയും രാധയുടെയും മറ്റ് പൗരാണിക കഥാപാത്രങ്ങളുടെയും വേഷമണിഞ്ഞ് ശോഭായാത്രകളിൽ അണിനിരക്കുന്നു. വിവിധ കേന്ദ്രങ്ങളിൽ നിന്നാരംഭിക്കുന്ന ചെറിയ ശോഭായാത്രകൾ പിന്നീട് പ്രധാന കേന്ദ്രങ്ങളിൽ ഒത്തുകൂടി മഹാശോഭായാത്രകളായി മാറും. തുടർന്ന് പ്രാർത്ഥനകൾ, ഉറിയടി, സാംസ്കാരിക സമ്മേളനങ്ങൾ എന്നിവയോടെ പരിപാടികൾ സമാപിക്കും. ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് കുട്ടികൾക്കായി വിവിധ കലാകായിക വൈജ്ഞാനിക മത്സരങ്ങളും, കുടുംബസംഗമങ്ങളും, സാംസ്കാരിക സമ്മേളനങ്ങളും ബാലഗോകുലം വിവിധ യൂണിറ്റുകളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നുണ്ട്. പ്രമുഖ വ്യക്തികളും ആത്മീയ ആചാര്യന്മാരും വിവിധ കേന്ദ്രങ്ങളിലെ ജന്മാഷ്ടമി സന്ദേശങ്ങൾ നൽകി ചടങ്ങുകളിൽ സംബന്ധിക്കുന്നു. ശ്രീകൃഷ്ണന്റെ ബാല്യകാലചരിതങ്ങളെ സ്മരിച്ചുകൊണ്ടും കുട്ടികളിൽ നന്മയും മൂല്യബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെയുമാണ് നാടെങ്ങും ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ഈ ആഘോഷങ്ങൾ നടക്കുന്നത്.

