Sunday, August 3, 2025
No menu items!
Homeവാർത്തകൾഈ വർഷം 10000 കർഷകരെ ഫലവൃക്ഷ കൃഷി കൂട്ടായ്മയുടെ ഭാഗമാക്കും: മന്ത്രി പി.പ്രസാദ്

ഈ വർഷം 10000 കർഷകരെ ഫലവൃക്ഷ കൃഷി കൂട്ടായ്മയുടെ ഭാഗമാക്കും: മന്ത്രി പി.പ്രസാദ്

ആലപ്പുഴ: പഴ വർഗകൃഷിക്കായി ക്ലസ്റ്റർ രൂപവത്കരിക്കുന്നത് സംസ്ഥാനത്ത് ഫലവൃക്ഷ വിളകളുടെ കൃഷി പ്രോത്സാഹിപ്പിക്കാൻ. ഈ വർഷം തന്നെ 200 ക്ലസ്റ്ററുകൾ കൃഷി വകുപ്പിൻറെ നേതൃത്വത്തിൽ സംസ്ഥാനത്ത് രൂപവത്കരിക്കുമെന്ന് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു.

പഴവർഗങ്ങൾക്ക് വേണ്ടി ക്ലസ്റ്റർ സംസ്ഥാനത്ത് ആദ്യമായാണ് രൂപവത്കരിക്കുന്നത്. ഫല വർഗ്ഗങ്ങളുടെ അത്യുല്പാദനശേഷിയുള്ള തൈകൾ ലഭ്യമാക്കുക, സംസ്ഥാനത്തെ പഴവർഗ്ഗ ഉൽപ്പാദനം വർദ്ധിപ്പിക്കുക അതുവഴി പോഷക സമൃദ്ധിയെലേക്ക് നീങ്ങുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി ആരംഭിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ നാലാം നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെട്ട പോഷകസമൃദ്ധി മിഷന്റെ ഭാഗമായി കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മുഖേന നടപ്പിലാക്കുന്ന ക്ലസ്റ്റർ അധിഷ്ഠിത ഫല വർഗ്ഗ കൃഷിയുടെ സംസ്ഥാനതല ഉദ്ഘാടനം ആലപ്പുഴ മുഹമ്മ ഗവൺമെൻറ് സംസ്കൃത സ്കൂളിന് എതിർവശമുള്ള ലീലാമണിയുടെ പുരയിടത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു കൃഷിമന്ത്രി.

ഈ വർഷം കേരളത്തിൽ 1000 ഹെക്ടർ വിസ്തൃതിയിൽ 11 ഇനം ഫലവൃക്ഷ വിളകളുടെ കൃഷി വ്യാപിപ്പിക്കുമെന്നും മന്ത്രി പി.പ്രസാദ് പറഞ്ഞു. നാടൻ ഫലവർഗവിളകളായ മാവ്, പ്ലാവ്, വാഴ, പപ്പായ എന്നിവയ്ക്കൊപ്പം മാങ്കോസ്റ്റിൻ, റംബുട്ടാൻ, ഡ്രാഗൺ ഫ്രൂട്ട്, അവക്കാഡോ തുടങ്ങിയ ഫല വർഗ്ഗ വിളകളെയും ക്ലസ്റ്റർ അധിഷ്ഠിത കൃഷിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കുറഞ്ഞത് 25 സെൻറ് മുതൽ ഒരു ഹെക്ടർ വരെ ഒരു കർഷകന് കൃഷി ചെയ്യാൻ കഴിയുമെന്ന് മന്ത്രി പറഞ്ഞു. ഫല-പുഷ്പ കൃഷിക്കായി 18 കോടി രൂപയാണ് ഈ വർഷം നീക്കിവച്ചിട്ടുള്ളത്. ഫലവർഗ്ഗ കൃഷിക്ക് ക്ലസ്റ്റർ അടിസ്ഥാന വികസനത്തിനായി 6.16 കോടി രൂപ ചെലവഴിക്കുമെന്നും മന്ത്രി പറഞ്ഞു. പോഷകാഹാരം കുറവ് സമ്പന്നരിൽ പോലും ജീവിതശൈലി രോഗങ്ങൾ ഉൾപ്പെടെ വർദ്ധിക്കാൻ കാരണമാകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ സർക്കാരിൻറെ നേരിട്ടുള്ള ഇടപെടലിന്റെ ഭാഗമാണ് പോഷകസമൃദ്ധി മിഷൻ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സ്വപ്ന ഷാബു അധ്യക്ഷതവഹിച്ചു. ചടങ്ങിൽ ജില്ലയിൽ നിന്നുള്ള സംസ്ഥാന കർഷക അവാർഡ് ജേതാക്കളായ ശ്രാവന്തിക എസ്.പി., സുജിത്ത് എസ്.പി എന്നിവരെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എൻ എസ് ശിവപ്രസാദ് ആദരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്മാരായ ജി ശശികല, ജെയിംസ് ചിങ്കുതറ, കർഷകനായ ടി.പി.സദാശിവൻനായർ, ജില്ലാ പഞ്ചായത്ത് അംഗം വി ഉത്തമൻ, മുഹമ്മ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എൻ ടി റെജി, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻമാരായ എം എസ് ലത, സി ഡി വിശ്വനാഥൻ, എം ചന്ദ്ര, റ്റി എൻ നസീമ ടീച്ചർ വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ, കൃഷി അഡീഷണൽ ഡയറക്ടർ തോമസ് സാമുവൽ, പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസർ സി അമ്പിളി എന്നിവർ സംസാരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments