തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയില്‍ ഈ വര്‍ഷം മുതല്‍ പരിഷ്‌കരിച്ച പ്രകാരം തയ്യാറാക്കിയ പാഠപുസ്തകങ്ങളില്‍ സാമ്പത്തിക സാക്ഷരത സംബന്ധിച്ച് പ്രത്യേക പുസ്തകം തയ്യാറാക്കിയതായി വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. അഞ്ചാം ക്ലാസ് മുതല്‍ കുട്ടികള്‍ക്ക് പ്രത്യേക പുസ്തകം.
ധനകാര്യം, സാമ്പത്തിക സാക്ഷരത എന്നാണ് പുസ്തകത്തിന്റെ പേര്. അഞ്ചാം ക്ലാസ് മുതല്‍ സാമ്പത്തിക സാക്ഷരത സംബന്ധിച്ച് പാഠഭാഗങ്ങള്‍ വ്യത്യസ്ത പാഠപുസ്തകങ്ങളില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 9,10 ക്ലാസുകള്‍ക്ക് പ്രത്യേക പുസ്തകവും തയ്യാറാക്കി നല്‍കി.
8 യൂണിറ്റുകളിലായി സമ്പാദ്യവും നിക്ഷേപ സാധ്യതകളും, ആധുനിക ബാങ്കിംഗ് സേവനങ്ങള്‍, ബാങ്ക് രേഖകളും ഫോമുകളും, ഇന്‍ഷുറന്‍സ്:സുരക്ഷയും സമ്പാദ്യവും, പോസ്റ്റല്‍ വകുപ്പ് ധനകാര്യ സേവനങ്ങള്‍, ഓഹരി വിപണിയും മ്യൂച്ചല്‍ ഫണ്ടുകളും, യുക്തിസഹമായ നിക്ഷേപ തീരുമാനം, ധനകാര്യ രംഗത്ത് ഉന്നത വിദ്യാഭ്യാസ സാധ്യതകളും തൊഴില്‍ അവസരങ്ങളും എന്നിങ്ങനെ ആണ് പുസ്തകത്തില്‍ പ്രതിപാദിച്ചിട്ടുള്ളത്. കുട്ടികള്‍ ചെറുപ്പം മുതല്‍ തന്നെ സാമ്പത്തിക അച്ചടക്കം ശീലിക്കുന്നതിനായാണ് ഈ പുസ്തകങ്ങള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കിയത്. കുട്ടികളില്‍ സമ്പാദ്യ ശീലവും സാമ്പത്തിക അവബോധവും വളര്‍ത്തുന്നതിന് സ്‌കൂളുകളില്‍ നടപ്പാക്കിയിരുന്ന സഞ്ചയിക പദ്ധതി കൂടുതല്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകാനുള്ള നടപടികള്‍ കൈക്കൊള്ളും.



