ഇറക്കുമതി തീരുവ വർധിപ്പിച്ചുകൊണ്ടുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ കൂപ്പുകുത്തി അമേരിക്കൻ ഓഹരി വിപണി. ഡൗ ജോൺസ് സൂചിക 1200 പോയിന്റ് നഷ്ടം രേഖപ്പെടുത്തി. വിദേശ രാജ്യങ്ങളെ ആശ്രയിച്ചുള്ള കമ്പനികൾക്കാണ് ഏറ്റവും വലിയ നഷ്ടം നേരിട്ടത്. ആപ്പിളിന്റെ വിപണി മൂല്യം ഇടിഞ്ഞത് 250 ബില്യൺ ഡോളറാണ്. അഞ്ച് വർഷത്തിനിടയിലെ ഏറ്റവും വലിയ പതനം ആണിത്.
വിയറ്റ്നാമിനെ ആശ്രയിക്കുന്ന ലുലുലെമോൺ അത്ലറ്റിക്കയ്ക്കും നൈക്കിനും ഏകദേശം 10 ശതമാനത്തിന്റെ ഓഹരി ഇടിവാണ് സംഭവിച്ചത്. അന്താരാഷ്ട്ര തലത്തിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ സംഭരിക്കുന്ന വാൾമാർട്ട് ഇൻകോർപ്പറേറ്റഡ്, ഡോളർ ട്രീ ഇൻകോർപ്പറേറ്റഡ് എന്നിവയുടെ ഓഹരികളും ഇടിഞ്ഞു. യഥാക്രമം 2 ശതമാനവും 11 ശതമാനവും ഇടിവ് രേഖപ്പെടുത്തിയത്. രാവിലെ 9.35 ആയപ്പോഴേക്കും എസ് & പി 500 കമ്പനികളിൽ ഏകദേശം 70 ശതനമാനം കമ്പനികളും കനത്ത നഷ്ടത്തിലേക്ക് കൂപ്പുകുത്തി. മിക്ക കമ്പനികളും രണ്ട് ശതമാനമോ അതിൽ കൂടുതലോ ഇടിഞ്ഞു. ഉച്ചയോടെ എസ് ആന്റ് പി 500 വീണ്ടും കനത്ത നഷ്ടത്തിലേക്ക് കൂപ്പുകുത്തി. മറ്റ് പ്രാഥമിക ഓഹരി വിപണികളിലെ നഷ്ടത്തെക്കാൾ 4 ശതമാനം ഇടിവാണ് ഉണ്ടായത്. ഉച്ചയോടെ ഡൗ ജോൺസ് സൂചിക 1412 പോയിന്റ് നഷ്ടം രേഖപ്പെടുത്തി.
ഇന്ത്യൻ വിപണിയിലും വ്യാപാര യുദ്ധ ഭീതി കാര്യമായ ചലനങ്ങൾ ഉണ്ടാക്കി. ബിഎസ്ഇ സെന്‍സെക്സ് 500 പോയിന്റ് ആണ് താഴ്ന്നത്. ഐടി കമ്പനികളാണ് ഏറ്റവും കൂടുതൽ തിരിച്ചടി നേരിട്ടത്. ഇക്കുമതി തീരുവയിൽ നിന്നും മരുന്നുകളെ ഒഴിവാക്കിയ നടപടി ഫാർമ കമ്പനികൾക്ക് ഗുണകരമായിട്ടുണ്ട്. ഫാര്‍മ കമ്പനികള്‍ ശരാശരി നാലുശതമാനം വരെയാണ് മുന്നേറിയത്.