തിരുവനന്തപുരം: നാവിക സേന ദിനാഘോഷം ഇന്ന് തിരുവനന്തപുരം ശംഖുമുഖം തീരത്ത് നടക്കും. രാഷ്ട്രപതി ദ്രൗപതി മുര്‍മു മുഖ്യാതിഥിയായി പങ്കെടുക്കും. വൈകിട്ട് നാല് മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെ ടെക്നിക്കല്‍ ഏരിയയില്‍ എത്തുന്ന രാഷ്ട്രപതിയെ ഗവര്‍ണറും മുഖ്യമന്ത്രിയും നാവിക സേനയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിക്കും. തുടര്‍ന്ന് ശംഖുമുഖത്തേക്ക് പോകുന്ന രാഷ്ട്രപതി നാവിക സേനയുടെ അഭ്യാസ പ്രകടനങ്ങള്‍ വീക്ഷിക്കും. നാലരയോടെ പടക്കപ്പലുകളുംഅന്തര്‍വാഹിനികളും യുദ്ധവിമാനങ്ങളും ഉള്‍പ്പടെ അണിനിരക്കുന്ന അഭ്യാസ പ്രകടനങ്ങള്‍ നടക്കും. പൊതുജനങ്ങള്‍ക്ക് ഉള്‍പ്പടെ കാണാവുന്ന തരത്തിലാണ് പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്. പരിപാടിക്കുശേഷം ഏഴേ മുക്കാലോടെ ലോക്ഭവനിലേക്ക് പോകുന്ന രാഷ്ട്രപതി അവിടെ താമസിക്കും.
രാജ്ഭവൻ ലോക് ഭവനായശേഷം എത്തുന്ന ആദ്യ അതിഥിയാണ് ദ്രൗപതി മുര്‍മു. നാളെ രാവിലെ 9.45ഓടെ രാഷ്ട്രപതി ദില്ലിയിലേക്ക് തിരിക്കും. നാവിക സേനാ ദിനാഘോഷത്തിനായുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. ഇന്നലെ അഭ്യാസപ്രകടനത്തിന്‍റെ ഫൈനൽ റിഹേഴ്സലും നടന്നിരുന്നു. റിഹേഴ്സൽ കാണാനും നിരവധിപേരാണ് ശംഖുമുഖത്ത് എത്തിയത്. അതേസമയം, തിരുവനന്തപുരത്ത് നിര്‍മ്മിക്കുന്ന നാവിക സേനയുടെ ഉപകേന്ദ്രം അടുത്ത വര്‍ഷം പ്രവര്‍ത്തന സജ്ജമാകും. മുട്ടത്തറയിലാണ് ഉപകേന്ദ്രം വരുന്നത്. സ്ഥലമേറ്റടുക്കല്‍ നടപടി പൂര്‍ത്തിയായതായി നാവിക സേന ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്ത് പറഞ്ഞു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, വിഎസ്എസ്‍സി തുടങ്ങിയ തന്ത്രപ്രധാനപരമായ സ്ഥാപനങ്ങളുടെ സാന്നിധ്യം കണക്കിലെടുത്താണ് തലസ്ഥാനത്ത് നാവികകേന്ദ്രം വരുന്നത്



