ന്യൂഡൽഹി: രാജ്യം ഇന്ന് 77-ാമത് കരസേന ദിനം ആചരിക്കും. പുനെയിലാണ് ഇത്തവണ ആഘോഷങ്ങൾ നടക്കുക. 1949 മുതൽ കരസേന ദിനം ആഘോഷിക്കാൻ തുടങ്ങിയ ശേഷം ഡൽഹിയ്ക്ക് പുറത്ത് പരിപാടി സംഘടിപ്പിക്കുന്നത് ഇത് മൂന്നാം തവണയാണ്. കരസേനയുടെ ആറ് വിഭാഗങ്ങൾ ആഘോഷത്തിന്റെ ഭാഗമായ പരേഡിൽ അണിനിരക്കും. കരസേനയുടെ ശക്തി വിളിച്ചോതുന്ന വിവിധ റെജിമെന്റുകളുടെ അഭ്യാസ പ്രകടനവും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടും. നിങ്ങളുടെ സൈന്യത്തെ അറിയുക പദ്ധതിയുടെ ഭാഗമായിട്ട് പാങ്ങോട് സൈനിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലായിരുന്നു പ്രദർശനം. യുദ്ധ സാമഗ്രികളുടെ പ്രദർശനത്തിന് പുറമേ ഇന്ത്യൻ ആർമിയുടെ പൈപ്പ് ബാൻഡിൻ്റെ പ്രകടനവും പ്രദർശനത്തിന്റെ ഭാഗമായിരുന്നു. ഇന്ത്യൻ സൈന്യത്തെ കുറിച്ച് പൗരന്മാരെ ബോധവത്ക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
നേപ്പാൾ സൈന്യത്തിൻ്റെ ബാൻഡും ചടങ്ങില്‍ പങ്കെടുക്കും. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങാണ് പരിപാടിയിലെ മുഖ്യാതിഥി. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ സൈനിക തലവനായി ജനറൽ കെ എം കരിയപ്പ സ്ഥാനമേറ്റതിന്റെ ഓർമയ്ക്കായാണ് ജനുവരി 15ന് കരസേന ദിനമായി ആചരിക്കുന്നത്. കരസേന ദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിൽ ആയുധ പ്രദർശനം സംഘടിപ്പിച്ചു.



