ന്യൂഡൽഹി: ലോക ജൂനിയർ ക്ലാസിക്കൽ ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ അഭിമാനം വാനോളമുയർത്തി കിരീടം സ്വന്തമാക്കി ഇന്ത്യൻ ഗ്രാൻഡ് മാസ്‌റ്റർ പ്രണവ് വെങ്കിടേഷ്. മോണ്ടിനെഗ്രോയിലെ തീരദേശ പട്ടണമായ പെട്രോവാക്കിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിലാണ് ഇന്ത്യയ്ക്ക് വേണ്ടി പതിനെട്ട് കാരനായ പ്രണവ് കിരീടം ഉയർത്തിയത്. ഒറ്റ ഗെയിം പോലും തോൽക്കാതെയാണ് അപൂർവമായ നേട്ടം കൗമാരക്കാരൻ നേടിയെടുത്തത്. 157 പേർ പങ്കെടുത്ത പോരാട്ടത്തിൽ 9/11 പോയിന്റുകൾ നേടി തോൽവിയറിയാതെ ഫിനിഷ് ചെയ്‌തുകൊണ്ട് ഓപ്പൺ വിഭാഗത്തിലാണ് താരം കിരീടം നേടിയത്. പതിനൊന്നാമത്തെയും അവസാനത്തെയും റൗണ്ടിൽ സ്ലോവേനിയയുടെ മാറ്റിക് ലാവ്രെൻസിച്ചിനെതിരെ വെളുത്ത കരുക്കളുമായി കളത്തിൽ ഇറങ്ങിയ പ്രണവ് സമനില വഴങ്ങിയതോടെ ചാമ്പ്യൻഷിപ്പ് കിരീടം ഉറപ്പിക്കുകയായിരുന്നു.
വിശ്വനാഥൻ ആനന്ദിന് ശേഷം ഫിഡെ ലോക ചാമ്പ്യൻഷിപ്പ് കിരീടം നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനായി ദൊമ്മരാജു ഗുകേഷ് ചരിത്രം സൃഷ്‌ടിച്ചതിന് ഏതാനും മാസങ്ങൾക്ക് ശേഷമാണ് പ്രണവ് വെങ്കിടേഷിന്റെ തിളക്കമാർന്ന വിജയം. ഗുകേഷിനെപ്പോലെ, ചെന്നൈയിൽ നിന്നുള്ള പ്രണവ് ഇതിഹാസതാരം വിശ്വനാഥൻ ആനന്ദ് സ്ഥാപിച്ച വെസ്റ്റ്ബ്രിഡ്‌ജ്-ആനന്ദ് ചെസ് അക്കാദമിയിലെ അംഗമാണ്. മികച്ച ചെസ് കളിക്കാരുടെ സ്ഥിരമായ ഒരു നിരയെ വാർത്തെടുക്കുന്നതിൽ പേരുകേട്ട സ്‌കൂളായ വേലാമ്മൽ വിദ്യാലയത്തിലെ വിദ്യാർത്ഥി കൂടിയാണ് പ്രണവ്. ഡി ഗുകേഷ്, പ്രജ്ഞാനന്ദ തുടങ്ങിയ ഗ്രാൻഡ് മാസ്‌റ്റർമാരെ സൃഷ്‌ടിച്ച സ്‌കൂളിൽ നിന്ന് തന്നെയാണ് പ്രണവിന്റെ വരവ് എന്നത് കൊണ്ട് തന്നെ താരത്തെ അറിയുന്നവർക്ക് ഈ കിരീടനേട്ടം ഒരു അത്ഭുതമല്ല.
ഈ നേട്ടത്തോടെ ക്ലാസിക്കൽ ചെസിൽ അഭിമാനകരമായ ലോക ജൂനിയർ ചാമ്പ്യൻഷിപ്പ് നേടുന്ന നാലാമത്തെ മാത്രം ഇന്ത്യക്കാരനായി പ്രണവ് മാറി. വിശ്വനാഥൻ ആനന്ദ് ഉൾപ്പെടെയുള്ള എലൈറ്റ് പട്ടികയിലാണ് താരം ഇടം നേടിയത്. 1987ൽ വിശ്വനാഥൻ ആനന്ദിലൂടെയാണ് ഇന്ത്യയിലേക്ക് ആദ്യമായി ജൂനിയർ ചെസ് ലോക കിരീടം വന്നത്.