ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യമായ ഗഗൻയാന്റെ മുന്നൊരുക്കങ്ങളിൽ നിർണായക നേട്ടവുമായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആർ.ഒ). ബഹിരാകാശ പേടകത്തിലെ ക്രൂ മൊഡ്യൂളും സർവിസ് മൊഡ്യൂളും വിജയകരമായി വേർപെടുത്തുന്ന പരീക്ഷണങ്ങളാണ് പൂർത്തിയാക്കിയത്. 2026ൽ വിക്ഷേപിക്കാൻ ലക്ഷ്യമിടുന്ന ആളില്ലാ ഗഗൻയാൻ ദൗത്യമായ ജി1ന് മുന്നോടിയായിട്ടായിരുന്നു പരീക്ഷണം. ബഹിരാകാശ യാത്രികരെ സുരക്ഷിതമായി ഭൂമിയിലേക്ക് തിരിച്ചെത്തിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന സംവിധാനത്തിന്റെ പ്രവർത്തനക്ഷമതയാണ് പരീക്ഷണത്തിലൂടെ ഉറപ്പാക്കിയത്. തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്ററിലായിരുന്നു പരീക്ഷണം നടന്നത്. ഗഗൻയാൻ പേടകത്തിന്റെ ഓർബിറ്റൽ മൊഡ്യൂളിൽ ക്രൂ മൊഡ്യൂൾ, സർവിസ് മൊഡ്യൂൾ എന്നീ രണ്ട് പ്രധാന ഭാഗങ്ങളാണുള്ളത്. വിക്ഷേപണസമയത്തും ഭൂമിയെ ചുറ്റുന്ന ഘട്ടത്തിലും ഇവ ഒരുമിച്ചാണ് പ്രവർത്തിക്കുക. വൈദ്യുതിയും മറ്റ് ആവശ്യമായ സംവിധാനങ്ങളും പരസ്പരം ബന്ധിപ്പിക്കുന്ന പ്രത്യേക കണക്ഷനുകളും ഇവയ്ക്കിടയിലുണ്ടാകും. എന്നാൽ, ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരിച്ചുപ്രവേശിക്കുന്നതിന് മുമ്പ് ക്രൂ മൊഡ്യൂളിനെ സർവിസ് മൊഡ്യൂളിൽനിന്ന് സുരക്ഷിതമായി വേർപെടുത്തേണ്ടതുണ്ട്. കൃത്യമായ സമയക്രമത്തിൽ നിരവധി സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചാണ് ഈ പ്രക്രിയ പൂർത്തിയാക്കുന്നത്. ഇതിലുണ്ടാകുന്ന ചെറിയ പിഴവുപോലും യാത്രികരുടെ സുരക്ഷയെ ബാധിച്ചേക്കാം. അതിനാലാണ് വേർപെടുത്തൽ സംവിധാനത്തിന്റെ പ്രവർത്തനം ഐ.എസ്.ആർ.ഒ വിശദമായി പരിശോധിച്ചത്. ക്രൂ മൊഡ്യൂളും സർവിസ് മൊഡ്യൂളും പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന യഥാർഥ സംവിധാനത്തിന് സമാനമായ പരീക്ഷണസജ്ജീകരണമാണ് വിക്രം സാരാഭായ് സ്പേസ് സെന്ററിൽ ഒരുക്കിയത്. ഇരു മൊഡ്യൂളുകൾക്കുമിടയിലെ വൈദ്യുത, ദ്രാവക സംവിധാനങ്ങളുടെ ബന്ധങ്ങൾ വിച്ഛേദിക്കുന്നതടക്കമുള്ള പ്രവർത്തനങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു. ഇന്ത്യൻ ബഹിരാകാശ യാത്രികരെ ഭൂമിയോട് അടുത്ത ഭ്രമണപഥത്തിലെത്തിക്കുകയും ദൗത്യത്തിനുശേഷം സുരക്ഷിതമായി തിരിച്ചെത്തിക്കുകയും ചെയ്യുകയാണ് ഗഗൻയാൻ പദ്ധതിയുടെ ലക്ഷ്യം. മനുഷ്യരെ ഉൾപ്പെടുത്തിയുള്ള ദൗത്യത്തിന് മുമ്പ് പേടകത്തിന്റെ പ്രവർത്തനക്ഷമതയും സുരക്ഷാസംവിധാനങ്ങളും ഉറപ്പാക്കുന്നതിനായി ആളില്ലാ പരീക്ഷണ ദൗത്യങ്ങൾ നടത്താനാണ് ഐ.എസ്.ആർ.ഒയുടെ പദ്ധതി. പുതിയ പരീക്ഷണവിജയം ഗഗൻയാൻ പദ്ധതിയിലെ സുപ്രധാന സാങ്കേതിക വെല്ലുവിളികളിലൊന്ന് മറികടക്കുന്നതിൽ ഇന്ത്യ കൈവരിച്ച പുരോഗതിയായാണ് വിലയിരുത്തപ്പെടുന്നത്. മനുഷ്യ ബഹിരാകാശ യാത്രയെന്ന രാജ്യത്തിന്റെ ദീർഘകാല സ്വപ്നം യാഥാർഥ്യമാക്കാനുള്ള ഒരുക്കങ്ങളിൽ നിർണായക ചുവടുവെപ്പുകൂടിയാണിത്.

