ന്യൂഡൽഹി: കായികം, സാംസ്കാരികം, ചെറുകിട -ഇടത്തരം സംരംഭങ്ങൾ, വ്യാവസായിക സഹകരണ സമിതി എന്നീ മേഖലകളിൽ ഇന്ത്യയും ദക്ഷിണ കൊറിയയും നാല് ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു. സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ നവീകരിക്കുന്നതിനും ഇന്ത്യ-കൊറിയ ഡിജിറ്റൽ ബ്രിഡ്ജ് സ്ഥാപിക്കുന്നതിനുമുള്ള ചട്ടക്കൂടും തയാറാക്കാനുള്ള സംയുക്ത പ്രഖ്യാപനവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെ മ്യുങ്ങും തമ്മിൽ ന്യൂഡൽഹിയിൽ നടത്തിയ ഉഭയകക്ഷി ചർച്ചയെ തുടർന്ന് നടത്തി. ആഗോള പിരിമുറുക്കത്തിന്റെ വേളയിൽ ഇന്ത്യയും കൊറിയയും ഒരുമിച്ച് സമാധാനത്തിന്റെയും സ്ഥിരതയുടെയും സന്ദേശം നൽകുന്നുവെന്ന് ഇരു നേതാക്കളും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. സമാധാനപരവും പുരോഗമനപരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഇന്തോ-പസഫിക്കിനുള്ള സംഭാവനകൾ ഇന്ത്യയും കൊറിയയും തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അടുത്ത ദശകത്തിലെ വിജയഗാഥകൾക്ക് ഇരു രാജ്യങ്ങളും അടിത്തറയിടുകയാണെന്നും എ.ഐ, സെമി കണ്ടക്ടർ, വിവര സാങ്കേതികവിദ്യ എന്നിവയിലെ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കുന്നതിനായി ഇന്ത്യ-കൊറിയ ഡിജിറ്റൽ ബ്രിഡ്ജ് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചിപ്പു തൊട്ട് കപ്പൽ വരെയും വിനോദം തൊട്ട് ഊർജം വരെയുമുള്ള എല്ലാ മേഖലകളിലും സഹകരണത്തിനുള്ള പുതിയ അവസരങ്ങൾ ഇരുപക്ഷവും സാക്ഷാത്കരിക്കും. കൊറിയ അന്താരാഷ്ട്ര സൗരോർജ സഖ്യത്തിലും ഇന്തോ-പസഫിക് സമുദ്ര സംരംഭത്തിലും ഇന്ന് ചേരുന്നതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. കെ-പോപ്പും കെ-ഡ്രാമകളും ഇന്ന് ഇന്ത്യയിൽ വളരെയധികം ജനപ്രിയമാവുകയാണെന്ന് മോദി പറഞ്ഞു. അതുപോലെ, ഇന്ത്യൻ സിനിമക്കും സംസ്കാരത്തിനും കൊറിയയിൽ അംഗീകാരം വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയും കൊറിയയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 27 ബില്യൺ ഡോളറിലെത്തിയിട്ടുണ്ടെന്നും 2030 ഓടെ ഇത് 50 ബില്യൺ ഡോളറായി ഉയർത്താൻ ഇരു രാജ്യങ്ങളും നിരവധി സുപ്രധാന തീരുമാനങ്ങൾ എടുത്തിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. പശ്ചിമേഷ്യയിലെ സംഭവ വികാസങ്ങളിൽ താനും മോദിയും അഭിപ്രായങ്ങൾ കൈമാറിയെന്നും സ്ഥിരതയും സമാധാനവും പുനഃസ്ഥാപിക്കുന്നത് ആഗോള സുരക്ഷക്കും സമ്പദ് വ്യവസ്ഥക്കും നിർണായകമാണെന്നും ധാരണയിലെത്തുകയും ചെയ്തുവെന്നും ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെ മ്യുങ് പറഞ്ഞു. അനിശ്ചിതത്വത്തിന്റെ കാലഘട്ടത്തിൽ, പരസ്പര വളർച്ചയും നവീകരണവും പ്രോത്സാഹിപ്പിക്കുന്നതിനായി സമഗ്രമായ സഹകരണത്തിന് ഇന്ത്യയും കൊറിയയും അനുയോജ്യമായ പങ്കാളികളാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധം, എ.ഐ, കപ്പൽ നിർമാണം എന്നിവയിൽ ഇരു രാജ്യങ്ങളും സഹകരണം വിപുലീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



