ഇന്ത്യയിൽ ആദ്യമായി ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി ചരിത്രം സൃഷ്ടിച്ച ഡോ.പി വേണുഗോപാൽ(82) അന്തരിച്ചു. ചൊവ്വാഴ്ച വൈകിട്ടായിരുന്നു അന്ത്യം. ന്യൂ ഡൽഹിയിലെ ഓൾ ഇന്ത്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുൻ ഡയറക്ടർ ആയിരുന്നു. 1984ൽ ഇന്ത്യയുടെ മുൻ പ്രധാന മന്ത്രി വെടിയേറ്റ് ഗുരുതരമായി ആശുപത്രിയിൽ എത്തിച്ചപ്പോൾ ശസ്ത്രക്രിയ നടത്തിയത് ഡോ.പി.വേണുഗോപാലായിരുന്നു. ആ സമയത്ത് ഡോ.പി.വേണുഗോപാൽ എയിംസിലെ കാർഡിയോവാസ്കുലാർ സർജനായി സേവനമനുഷ്ടിക്കുകയായിരുന്നു.
ആന്ധ്രാപ്രദേശിലെ രാജമഹേന്ദ്രവരത്തിൽ (രാജമുന്ദ്രി) 1942 ജൂലൈ 6നാണ് ഡോ.പി.വേണുഗോപാൽ ജനിച്ചത്. 16-ാം വയസിൽ എയിംസിലെ വിദ്യാർത്ഥിയായാണ് ഡോ.പി.വേണുഗോപാൽ തന്റെ വൈദ്യശാസ്ത്ര പഠനം ആരംഭിക്കുന്നത്. പഠിത്തത്തിൽ സ്ഥാപനത്തിലെ ഒന്നാമനായിരുന്നു വേണുഗോപാൽ. കാർഡിയോളജിയ വിഭാഗത്തിൽ വൈദഗ്ദ്ധ്യം നേടിയ ആദ്ദേഹം 1994ൽ ഇന്ത്യയിൽ ആദ്യമായി പേസ്മേക്കർ ഇംപ്ലാന്റേഷനും ഹൃദയ ശസ്ത്രക്രിയയും നടത്തി ഇന്ത്യൻ വൈദ്യശാസ്ത്ര രംഗത്ത് ചരിത്രപരമായ സംഭാവനയാണ് നൽകിയത്. തന്റ കരിയറിൽ 50,000 ൽ അധികം ഹൃദയ ശസ്ത്രക്രിയകൾ ഡോ.പി വേണുഗോപാൽ നടത്തിയിട്ടുണ്ട്. 1998ൽ രാജ്യം അദ്ദേഹത്തെ പദ്മഭൂഷൺ ബഹുമതി നൽകി ആദരിച്ചു.
2023ൽ ഡോ.പി വേണുഗോപാൽ അദ്ദേഹത്തിന്റെ ഭാര്യയായ പ്രിയ സർക്കാരുമായി ചേർന്ന് അദ്ദേഹത്തിനറെ ഓർമ്മക്കുറിപ്പുകളായ ‘ഹാർട്ട്ഫെൽറ്റ്’ എന്ന പുസ്തകം പുറത്തിറക്കി. ഇന്ദിരാഗാന്ധി അടക്കമുള്ളവരെ ചികിത്സിച്ച അനുഭവങ്ങളായിരുന്നു പുസ്തകത്തിൽ. 2005ൽ അദ്ദേഹത്തിന് ബൈപാസ് ശസ്ത്രക്രിയ ആവശ്യമായി വന്നപ്പോൾ വിദേശത്ത് ചികിത്സയ്ക്കായി പോകാതെ എയിംസിൽ തന്നെയാണ് അദ്ദേഹം ശസ്ത്രക്രിയയ്ക്ക് വിധേയനായത്. അദ്ദേഹത്തിന്റെ തന്നെ ഒരു ജൂനിയർ ഡോക്ടറായിരുന്നു അന്ന് ശസ്ത്രക്രിയ നടത്തിയത്. ഇന്ത്യയിൽ വളരെ വിദഗ്ദരായ ഡോക്ടർമാർ ഉണ്ടെന്നും എയിംസൽ തന്നെ ശസ്ത്രക്രിയ നടത്താൻ അദ്ദേഹം എടുത്ത തീരുമാനം രാജ്യത്തെ വൈദ്യ പരിചരണത്തിലും എയിംസ് പോലുള്ള സ്ഥാപനങ്ങളിലുമുള്ള ജനങ്ങളുടെ വിശ്വാസം വർധിപ്പിക്കുമെന്നും ഡോ. വേണുഗോപാൽ വിശ്വസിച്ചു.
കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നദ്ദയും എയിംസിലെ ഫാക്കൽറ്റി അസോസിയേഷനും ഫെഡറേഷൽ ഒഫ് റെസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷനും ഡോ.പി വേണുഗോപാലിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ചു.



