ബംഗളൂരു: ഇന്ത്യയിൽ ആദ്യമായി ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എ.ഐ) വിധികർത്താവായി എത്തിയ സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ് കോറമംഗല ഇൻഡോർ സ്റ്റേഡിയത്തില്‍ നടന്നു. കൃത്യത, സുതാര്യത, വേഗത എന്നിവ അടിസ്ഥാനമാക്കിയാണ് എ.ഐ വിധിനിർണയം നടത്തിയത്. കർണാടക ബയോ എനർജി ബോർഡ് ചെയർമാൻ എസ്.ഇ. സുധീന്ദ്ര, മുഖ്യമന്ത്രിയുടെ കാര്യാലയത്തിലെ സ്പെഷൽ ഓഫിസറും മുൻ കളരി ചാമ്പ്യനുമായ ഡോ. വൈശ്നവി കുപ്പുസ്വാമി എന്നിവര്‍ ഉദ്ഘാടനംചെയ്തു. എ.ഐ കളരിപ്പയറ്റ് കൗൺസിൽ ഓഫ് കർണാടക (കെ.സി.കെ) സംസ്ഥാന സെക്രട്ടറി ഡോ. സൂര്യനാരായൺ വർമ നേതൃത്വം നല്‍കി. പാരമ്പര്യം സംരക്ഷിക്കുമ്പോഴും ശാസ്ത്ര സാങ്കേതിക വിദ്യയുടെ സഹായത്തോടെ അതിനെക്കുറിച്ചുള്ള ധാരണ പുതുക്കാനുള്ള ദീർഘവീക്ഷണമാണ് ഈ സാങ്കേതിക വിപ്ലവത്തിന് പിന്നിൽ. മത്സര വിധികളിൽ കൃത്യതയും സുതാര്യതയും ഉറപ്പാക്കുന്നതിന് എ.ഐ അധിഷ്ഠിത സ്കോറിങ് സംവിധാനവും അവതരിപ്പിച്ചു. സ്ത്രീകളുടെയും പെൺകുട്ടികളുടെയും സുരക്ഷക്കും ആരോഗ്യരക്ഷക്കും കളരിപ്പയറ്റ് അടിസ്ഥാനമാക്കി ആത്മരക്ഷ പരിശീലനം നൽകുന്ന സംസ്ഥാനതല പദ്ധതിയായ വീരഗണ ഡോ. വർമ പ്രഖ്യാപിച്ചു. പദ്ധതി സംസ്ഥാന സർക്കാറിന് ഔദ്യോഗികമായി സമർപ്പിച്ചതായി ഡോ. വർമ അറിയിച്ചു. സബ് ജൂനിയർ മുതൽ സൂപ്പർ സീനിയർ വരെ വിവിധ തലങ്ങളില്‍ മത്സരം നടന്നു. വിജയികളായവര്‍ ദേശീയ ചാമ്പ്യൻഷിപ്പിൽ കർണാടകയെ പ്രതിനിധാനംചെയ്യും. കെ.സി.കെയുടെ വളർച്ചക്ക് നിർണായക സംഭാവന നൽകിയ പൂന്തുറ സോമനെ വേദിയിൽ അനുസ്മരിച്ചു. ‘കളരിപ്പയറ്റ് നമ്മുടെ സംസ്കാരത്തിന്റെ ശക്തിയും മൂല്യവുമാണ്. എ.ഐ പോലുള്ള സാങ്കേതിക സംരംഭങ്ങളും ‘വീരഗണ’പോലുള്ള സാമൂഹ്യ പദ്ധതികളുംകൊണ്ട് കളരിപ്പയറ്റിനെ ജനകീയമാക്കുകയാണ് ദൗത്യം’- ഡോ. സൂര്യനാരായൺ വർമ പറഞ്ഞു



