ഇന്ത്യ – പാക് സംഘർഷത്തിൽ ഇടപെടില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് പറഞ്ഞു. സംഘർഷങ്ങൾ വാഷിംഗ്ടൺ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും എന്നാൽ ഈ സംഘർഷം അമേരിക്കയുടെ പോരാട്ടമല്ലെന്നും പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ പരിഹരിക്കണമെന്ന് നിർദ്ദേശിക്കാൻ മാത്രമേ യുഎസിന് സാധിക്കൂ എന്നും അദ്ദേഹം ഫോക്സ് ന്യൂസിനോട് പറഞ്ഞു. അടിസ്ഥാനപരമായി ഇത് ഞങ്ങളെ ബാധിക്കുന്ന കാര്യമല്ല, മാത്രമല്ല അമേരിക്കയുടെ നിയന്ത്രണപരിധിയിൽ വരുന്ന വിഷയവുമല്ലെന്നും ജെഡി വാൻസ് പറഞ്ഞു.
‘ആയുധങ്ങൾ താഴെ വെയ്ക്കണമെന്ന് ഇന്ത്യയോട് പറയാൻ അമേരിക്കയ്ക്ക് സാധിക്കില്ല. പാക്കിസ്ഥാനോടും. നയതന്ത്ര മാർഗങ്ങളിലൂടെ പ്രശ്നപരിഹാരത്തിനുള്ള സാധ്യത ആലോചിക്കും. ഇപ്പോഴത്തെ പ്രശ്നങ്ങൾ യുദ്ധത്തിലേക്ക് പോകില്ലെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. ഒരു ആണവ സംഘർഷത്തിലേക്ക് നീങ്ങരുതെന്നാണ് ആഗ്രഹിക്കുന്നത്. ഈ ഘട്ടത്തിൽ അത് സംഭവിക്കുമെന്ന് ഞങ്ങൾ കരുതുന്നില്ല’, എന്നും ജെഡി വാൻസ് പറഞ്ഞു.
ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിക്കാൻ തന്നാൽ സാധിക്കുന്നത് ചെയ്യാൻ തയ്യാറാണെന്ന് നേരത്തേ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു. ‘ പാക്കിസ്ഥാനും ഇന്ത്യയുമായും തനിക്ക് ബന്ധമുണ്ട്. അവർ എത്രയും പെട്ടെന്ന് പ്രശ്നം പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോൾ അവർക്ക് ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കുമെന്നാണ് ഞാൻ കരുതുന്നത്. അവർ അടിക്ക് തിരിച്ചടി തുടരുകയാണ്. എനിക്ക് എന്തെങ്കിലും സഹായം ചെയ്യാൻ സാധിക്കുമെങ്കിൽ അതിന് ഞാൻ തയ്യാറാണ്’, ട്രംപ് പറഞ്ഞു.



