ഡൽഹി: ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ച ദീർഘ ദൂര ഗ്ലൈഡ് ബോംബ് വിജയകരമായി പരീക്ഷിച്ചു. ഗൗരവ് എന്ന് പേരിട്ടിരിക്കുന്ന ഈ ബോംബ് വികസിപ്പിച്ചത് പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിഫൻസ് റിസർച്ച് ആന്റ് ഡവലപ്മെന്റ് ഓർഗനൈസേഷൻ ആണ്. 1000 കിലോയോളം ഭാരം വരുന്നു ബോംബിന്റെ പരീക്ഷണം ഏപ്രിൽ എട്ട് മുതൽ 10 വരെയാണ് നടന്നത്. വ്യോമസേനയുടെ സുഖോയ് 30 എം കെ ഐ യുദ്ധവിമാനത്തിൽ നിന്നാണ് ഗൗരവ് ബോംബ് പല ഘട്ടങ്ങളിലായി പരീക്ഷിച്ച് പ്രവർത്തനം വിലയിരുത്തിയത്. 2023 ലായിരുന്നു ഗൗരവിന്റെ ആദ്യ പരീക്ഷണം. ഇതിൽ നിന്ന് ലഭിച്ച വിവരങ്ങൾ ഉപയോഗിച്ച് കൂടുതൽ പരിഷ്കരിച്ചും മാറ്റങ്ങൾ വരുത്തിയുമാണ് വികസിപ്പിച്ചത്. 100 കിലോ മീറ്റർ വരെയുള്ള ലക്ഷ്യത്തിലേക്ക് കൃത്യമായി ആക്രമണം നടത്താൻ ഗൗരവിന് ശേഷിയുണ്ട്. തന്ത്രപ്രധാനമായ ലക്ഷ്യങ്ങൾ സുരക്ഷിതമായ ദൂരത്തിൽ നിന്ന് ആക്രമിക്കാൻ ഗൗരവ് ബോംബ് വ്യോമസേനയെ സഹായിക്കും.
പരീക്ഷണത്തിന്റെ വിവരങ്ങൾ നിരീക്ഷിച്ച് തൃപ്തികരമാണെന്ന് വിലയിരുത്തിയതോടെ വ്യോമസേനയ്ക്ക് വേണ്ടി ഇതിന്റെ ഉത്പാദനം ഉടൻ ആരംഭിക്കും. ഹൈദരാബാദിലെ ഇമാറത്തിലുള്ള ഡിആർഡിഒ കേന്ദ്രത്തിലാണ് ഗൗരവ് ബോംബിന്റെ രൂപകല്പനയും സാങ്കേതിവിദ്യാ വികസനവുമെല്ലാം നടന്നത്. ഗൗരവിന്റെ വിജയകരമായ വികസന പരീക്ഷണങ്ങൾക്ക് ഡിആർഡിഒ, ഐ എ എഫ്, വ്യവസായ പങ്കാളികൾ എന്നിവരെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അഭിനന്ദിച്ചു.



