പാലക്കാട്: തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണകേന്ദ്രത്തിലെ വിദ്യാർത്ഥികൾ പച്ചച്ചാണകം ഉപയോഗിച്ച് ചട്ടികൾ നിർമ്മിക്കുന്നു. ചാണകം വളം മാത്രമല്ലന്നും മനുഷൃർക്ക് ഗുണകരമായ പലതും ഉണ്ടാക്കി എടുക്കാൻ കഴിയുമെന്ന് ഇതിലൂടെ തെളിയിക്കുകയാണ് ഇവർ. ചാണകം ഉപയോഗിച്ച് ആകർഷകമായ ചട്ടികളുമുണ്ടാക്കി പുതിയൊരു വിപണനസാധ്യത തുറക്കുന്നതിനോടൊപ്പം കാർഷികമേഖലയും വീട്ടുപരിസരങ്ങളും പരിസ്ഥിതിസൗഹൃദവും ആക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ പ്ളാസ്റ്റിക് ഉപയോഗം നിയന്ത്രിക്കാൻ സാധിക്കുമെന്ന് അവകാശപ്പെടുന്നു.
വെറ്ററിനറി സർവകലാശാലയ്ക്ക് കീഴിലുള്ള അഞ്ച് ഫാമുകളിൽ തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണകേന്ദ്രത്തിൽ മാത്രമാണ് ചാണകച്ചട്ടി നിർമാണത്തിന് തുടക്കം കുറിച്ചിട്ടുള്ളത്. വെറ്ററിനറി ബിരുദ വിദ്യാർഥികൾ ഇന്റേൺഷിപ്പിന്റെ ഭാഗമായുള്ള സംരംഭകത്വ വികസന പദ്ധതിയിൽ ജൂലൈയിലാണ് ചട്ടികൾക്ക് രൂപം നൽകാൻ തുടങ്ങിയത്. ഏകദേശം നൂറിനടുത്ത് ചട്ടികൾ നിർമിച്ചുകഴിഞ്ഞു. ഇവ സർവകലാശാലയുടെ വിപണനകേന്ദ്രങ്ങൾ വഴി വിറ്റഴിക്കാനാണ് തീരുമാനം. ഓരോ ചട്ടിയ്ക്കും 500 ഗ്രാം തൂക്കമുണ്ട്. ഈ ചട്ടികൾ 20 രൂപയ്ക്ക് വിൽക്കാനാണ് തീരുമാനം. പ്രത്യേകം നിർമിച്ച പോളിഹൗസിൽ പകുതി ഈർപ്പം നിലനിർത്തി എടുക്കുന്ന ചാണകം കുഴച്ച് പരുവമാക്കിയശേഷമാണ് ചട്ടിയുടെ മാതൃകയിലുള്ള അച്ചിൽ നിറയ്ക്കുക. ഇത് ഒരാഴ്ചയോളം വെയിലിൽ ഉണക്കിയെടുക്കുന്നതോടെ ബലമുള്ള ചട്ടികളായി മാറും.
ഒരുവർഷം നീണ്ട പരീക്ഷണത്തിന് ശേഷമാണ് ചട്ടിനിർമാണം സാധ്യമായതെന്ന് ഗവേഷണകേന്ദ്രം മേധാവി എ. പ്രസാദ് പറഞ്ഞു. ഈ ചട്ടികൾ ഈർപ്പമുള്ള സ്ഥലങ്ങളിൽ ആറ് മാസത്തോളവും മറ്റിടങ്ങളിൽ ദീർഘകാലവും കേടുകൂടാതെയിരിക്കും. ചാണകത്തിന്റെ ലഭൃതയും സ്ഥലസൗകരൃവും കണക്കിലെടുത്താണ് തിരുവിഴാംകുന്ന് ഫാമിനെ തിരഞ്ഞെടുത്തത്. ഇതിനാവശ്യമായ യന്ത്രസാമഗ്രികൾ സർവകലാശാലയാണ് ഒരുക്കിയിട്ടുള്ളത്. വിദ്യാർഥികളായ ദിൽഷ കരീം, ജ്യോതിലക്ഷ്മി വിജയൻ, കെ. പദ്മ, നെഹാരിക ശിവദാസ്, കെ. ഹൃദ്യ, ആതിര മുരളി എന്നിവരാണ് ചട്ടിനിർമ്മാണത്തിലുള്ളത്.



