ഇടുക്കി: ഉപ്പുതോട് സ്വദേശികളും അയല്‍ക്കാരുമായ മനോജ് കുളപ്പുറവും സാബു ചാറാടിയുമാണ് പാട്ടത്തിനെടുത്ത ഒന്നരയേക്കറില്‍ നൂറുമേനി പൂക്കള്‍ വിരിയിച്ചത്. ചെണ്ടുമല്ലി മാത്രമാണ് ഇവിടെ കൃഷി ചെയ്യുന്നത്. ഓണം ലക്ഷ്യമാക്കി ഒന്നരമാസം മുമ്ബ് ആരംഭിച്ച കൃഷിയുടെ ആദ്യ വിളവെടുപ്പായിരുന്നു വെള്ളിയാഴ്ച.
മനോജും ഭാര്യ സീനയും സാബുവും ഭാര്യ ആൻസിയും മുഴുവൻ സമയം കൃഷിയിടത്തിലായിരുന്നു. ഓറഞ്ച് നിറമുള്ള ചെണ്ടുമല്ലിയാണ് ഇവർ തെരഞ്ഞെടുത്തത്. ആവശ്യക്കാർ കൂടുതലും ഈ നിറത്തിലെ പൂക്കള്‍ക്കാണ്. തമിഴ്നാട്ടിലെ ചിന്നമന്നൂരില്‍നിന്ന് കൊണ്ടുവന്ന വിത്തു വിതച്ചാണ് പൂപ്പാടം ഉണ്ടാക്കിയത്. വർഷത്തില്‍ 365 ദിവസവും പൂവ് കിട്ടുമെന്നതാണ് ഈ കൃഷിയുടെ പ്രത്യേകത. ഓണത്തിന് മാത്രമല്ല ക്ഷേത്രങ്ങളിലും എട്ടുനോമ്ബ് തിരുനാള്‍ ആരംഭിച്ചതോടെ പള്ളികളിലും പൂവിന് ആവശ്യക്കാരുണ്ട്. കരിമ്ബനില്‍നിന്നും ഉപ്പുതോട്ടിലേക്ക് വരുന്ന വഴിയില്‍ ചാലിസിറ്റിക്കടുത്താണ് പൂന്തോട്ടം. ഇത്തവണ മെച്ചപ്പെട്ട വില കിട്ടുമെന്നാണ് പ്രതീക്ഷ.