ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് നാല് വിക്കറ്റ് ജയം. ഇംഗ്ലണ്ടുയർത്തിയ 249 റൺസ് വിജയലക്ഷ്യം 68 പന്തുകൾ ബാക്കി നില്ക്കേ ഇന്ത്യ മറികടന്നു. ശുഭ്മാൻ ഗിൽ (87), ശ്രേയസ് അയ്യർ (59), അക്സർ പട്ടേൽ (52) എന്നിവർ ഇന്ത്യയ്ക്കായി മികച്ച പ്രകടനം കാഴ്ച വെച്ചു.
ക്യാപ്റ്റൻ രോഹിത് ശർമ്മ മോശം ഫോം തുടർന്നു (2). നേരത്തേ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിന് ഓപ്പണർമാർ മികച്ച തുടക്കമാണ് നല്കിയത്. 75 ൽ പിരിഞ്ഞ ഓപ്പണിംഗ് സഖ്യത്തിന് പിന്നാലെ നിശ്ചിത ഇടവേളകളിൽ വിക്കറ്റ് വീണതോടെ ഇംഗ്ലണ്ട് പ്രതിരോധത്തിലായി.
52 റൺസെടുത്ത ക്യാപ്റ്റൻ ജോസ് ബട്ലറാണ് സന്ദർശകരുടെ ടോപ്പ് സ്കോറർ. ജേക്കബ് ബേതൽ 51 ഉം, ഫിൽ സാൾട്ട് 43 ഉം റൺസെടുത്തു. ഇന്ത്യയ്ക്കായി ഹർഷിത് റാണയും, രവീന്ദ്ര ജഡേജയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ജയത്തോടെ മൂന്ന് മത്സര പരമ്പരയിൽ ഇന്ത്യ മുന്നിലെത്തി (1-0).



