ചെറുതോണി: ഇടുക്കിയുടെ സുന്ദര മുഖമാണ് കഞ്ഞിക്കുഴി. ഹൈറേഞ്ചിൻ്റെ പ്രവേശന കവാടമായ ഇവിടെ സഞ്ചാരികള്‍ക്കായി അനവധി വ്യൂ പോയിൻറുകളും ഗുഹകളും വെള്ളച്ചാട്ടങ്ങളും പ്രകൃതി ഒരുക്കിയിരിക്കുന്നു.
മൈലപ്പുഴയുടെ അടിവാരത്തുനിന്നും പിറവിയെടുക്കുന്ന പഴയരികണ്ടം പുഴ അനവധി ചെറുതോടുകളുടെ കൂടിചേരലുകളാൽ കിലോമീറ്ററുകളോളം നിരനിരയായി ചെറുവെള്ളച്ചാട്ടങ്ങള്‍ സൃഷ്ടിച്ച് ഒഴുകി പുന്നയാറില്‍ പതിക്കുന്നു. പുന്നയാറിൽനിന്നും ചൂടാൻ സിറ്റിയിലേക്കായി കിടക്കുന്ന കൈവരികളില്ലാത്ത ചെറിയ പാലത്തിനടിയിലൂടെ അത് കളകള ശബ്ദമുണ്ടാക്കി ആഴത്തിലേക്ക് പരന്ന് ഒഴുകി തുടങ്ങും.
ശബ്ദം ശ്രവിച്ച് അടിവാരം വരെ നടന്നാല്‍ എത്തുക പുന്നയാര്‍ വെള്ളച്ചാട്ടത്തിനടുത്ത്. വിരിഞ്ഞ് ഒഴുകാന്‍ തുടങ്ങിയിട്ട് പുന്നയാര്‍ വെള്ളച്ചാട്ടം ഇടുക്കി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലാണ്. ടിക്കറ്റൊന്നുമില്ലാതെ ഫ്രീയായി തന്നെ കാണാം. കടകളൊന്നുമില്ല പുന്നയാര്‍ സിറ്റിയില്‍. പാര്‍ക്കിങ് സൗകര്യം ഇല്ലാത്തതിനാല്‍ വഴിയോരത്ത് ഒതുങ്ങി കിട്ടിയ സ്ഥലത്തെല്ലാം വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരിക്കുന്നു. മഴക്കാലത്ത് ഉഗ്രരൂപം പൂണ്ടൊഴുകുന്ന ആശാന് ഭംഗിയില്‍ അതിരപ്പിള്ളി വെള്ളച്ചാട്ടത്തോട് കിടപിടിക്കും. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ പുന്നയാര്‍ ഈ രൂപത്തില്‍ കാണാം.
കഞ്ഞിക്കുഴിയില്‍നിന്നും ആലപ്പുഴ-മധുര സംസ്ഥാന പാതയിലെ വട്ടോന്‍പാറ ജംഗ്ഷനില്‍നിന്നും ഇടത്തോട്ട് ഇറക്കമിറങ്ങി രണ്ട് കിലോമീറ്ററോളം സഞ്ചരിച്ചാല്‍ പുന്നയാര്‍ എത്താം. ഇവിടെനിന്ന് ഓഫ് റോഡില്‍ ഒരു കിലോമീറ്ററോളം താഴേക്ക് ഇറങ്ങിയാല്‍ വെള്ളച്ചാട്ടമായി. ഇതില്‍ അര കിലോമീറ്ററോളം നടവഴിയാണ്. നടന്ന് രണ്ട് ഭാഗവും ചെങ്കുത്തായ മലയിലാണ് എത്തുക. ഇടത് ഭാഗത്ത് അഗാധമായ കൊക്ക. ഏകദേശം ആയിരമടിയോളം ചെങ്കുത്തായ താഴ്ചയിലൂടെ മലകളെ ചാലുകീറി ചെറുതായി ഒഴുകുന്ന പെരിയാര്‍ നദി. അതിനപ്പുറം കൊടുംവനവും.മലയുടെ വലത് ഭാഗത്ത് പാറയില്‍ ചവിട്ടി തൂങ്ങിപ്പിടിച്ച് ഇറക്കം ഇറങ്ങിയാല്‍ പുന്നയാര്‍ വെള്ളച്ചാട്ടത്തിെൻറ സമീപം എത്താം. നിറയെ വലിയ പാറക്കഷ്ണങ്ങളാണ്. അതിനിടയിലൂടെ വെള്ളച്ചാട്ടം ഒഴുകി പെരിയാറിലേക്ക് മറയുന്നു.
പാറകള്‍ക്കിടയില്‍ വെള്ളച്ചാട്ടത്തിന് അഭിമുഖമായി വീരപരിവേഷം പൂണ്ടുനില്‍ക്കുന്ന വൃക്ഷം ഇവിടെ ഉണ്ട്. 70 അടിയോളം ഉയരത്തില്‍നിന്നും ഡാമിൻ്റെ ഷട്ടറുകള്‍ തുറക്കുമ്പോളുണ്ടാകുന്ന ജലധാരപോലെ ഉഗ്ര ശബ്ദമുണ്ടാക്കി മൂന്ന് നിരയായി നിലം പതിക്കുന്നു പുന്നയാര്‍ വെള്ളച്ചാട്ടം.
ഭീമാകാരമായ പാറകഷ്ണങ്ങളില്‍ ജലധാര പാല് വെള്ള നിറത്തില്‍ പതിച്ച് ചുറ്റിനും നില്ക്കുന്ന സഞ്ചാരികളുടെമേല്‍ ചാറ്റല്‍ മഴ പോലെ പെയ്തിറങ്ങും. അവര്‍ണനീയമായ ഭംഗി. മലയിറങ്ങി വന്നവരും ഇറങ്ങാന്‍ കഴിയാതെ മുകളില്‍ ഇരിപ്പിടം പിടിച്ചവരും കണ്ണിമ ചിമ്മാതെ നോക്കിനിന്ന് പോകും.കീലോമീറ്ററോളം ഒഴുകി ഇറങ്ങുന്ന വെള്ളക്കുത്ത് വെള്ളച്ചാട്ടത്തിലേക്കു ഉള്ള വഴിവക്കില്‍ പെരിയാറിൻ്റെ കാഴ്ചകള്‍ ആസ്വദിക്കതക്ക വിധത്തില്‍ ഏക റിസോർട്ടുണ്ട്. കുത്തനെയുള്ള ഇറക്കമിറങ്ങി കാഴ്ച്ച കണ്ട് വരുന്നവര്‍ കിതപ്പിനിടയിലും അവര്‍ണനീയമായ കാഴ്ചയുടെ അനുഭവം പങ്കുവെച്ച് ‘കൊച്ചാതിരപ്പിള്ളി വെള്ളച്ചാട്ടം’ എന്ന് പുന്നയാറിന് വിശേഷണം ചാര്‍ത്തി നല്കി.പെരിയാറിലെ ഗിരിശൃംഗങ്ങളില്‍നിന്ന് ആഞ്ഞുവീശുന്ന കാറ്റേറ്റ് ദിവസത്തെ മനോഹരമാക്കുന്നു. പാലത്തിന് മുകളില്‍നിന്നും നോക്കുമ്പോള്‍ ഭംഗി ആസ്വദിച്ച് നിന്നാല്‍ സമയം പോകുന്നതറിയില്ല; സമയം നഷ്ടമാക്കാതെ വെള്ളച്ചാട്ടത്തിൻ്റെ ശബ്ദം ശ്രവിച്ച് അവസാനം വന്നാല്‍ ഇതാ അവര്‍ണനീയ കാഴ്ച കൺമുന്നിൽ.
തൊടുപുഴയില്‍നിന്നും 40 കിലോമീറ്റര്‍. വണ്ണപ്പുറം – വെണ്മണി – കഞ്ഞിക്കുഴി – വട്ടോൻ പാറ ജംഗ്ഷന് – പുന്നയാര്‍ വെള്ളച്ചാട്ടം2. അടിമാലിയിൽനിന്നും 25 കിലോമീറ്റര്‍. അടിമാലി – കല്ലാറുകുട്ടി – കീരിത്തോട് – പുന്നയാര്‍ വെള്ളച്ചാട്ടം