ഫ്‌ളോറിഡ: 2024 കോപ്പ അമേരിക്കയിൽ കിരീടം ചൂടി അർജന്റീന. ലൗത്താരോ മാർട്ടിനസാണ് 112-ം മിനിറ്റിൽ അർജന്റീനയുടെ വിജയ ഗോൾ നേടിയത്. എക്സ്ട്രാ ടൈമിലേക്കു നീണ്ട പോരാട്ടത്തിൽ കൊളംബിയയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പിച്ച് അര്‍ജന്റീനയ്ക്ക് കോപ്പ അമേരിക്ക കിരീടം. കോപ്പ അമേരിക്കയിൽ അർജന്റീനയുടെ പതിനാറാം കിരീട നേട്ടമാണിത്.
നേരത്തെ ടിക്കറ്റില്ലാതെ സ്റ്റേഡിയത്തിലേക്ക് തള്ളിക്കയറാൻ ആരാധകർ ശ്രമിച്ചതോടെ കോപ്പ അമേരിക്ക ഫൈനൽ തുടങ്ങാൻ വൈകി. ആദ്യം 30 മിനിറ്റ് വൈകുമെന്ന് അധികൃതർ അറിയിച്ച മത്സരം ആരംഭിച്ചത് ഇന്ത്യൻ സമയം 6.50 ന് ശേഷമായിരുന്നു. മികച്ച ഫോമിലുള്ള അർജന്റീനയും കൊളംബിയയും ആദ്യ പകുതിയിൽ കട്ടക്ക് നിന്നെങ്കിലും ഗോളുകളൊന്നും പിറന്നില്ല. കൊളംബിയയാണ് കൂടുതൽ മികച്ച അവസരങ്ങൾ സൃഷ്ടിച്ചത്, എന്നാൽ അർജന്റീന പ്രതിരോധം മികച്ച കളി കെട്ടഴിച്ചു.
രണ്ടാം പകുതിയുടെ തുടക്കം മുതൽ അർജന്റീന ഗോൾ നേടാൻ ശ്രമങ്ങൾ നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല. ഇതിനിടെ ക്യാപ്റ്റൻ ലയണൽ മെസി പരിക്കേറ്റ് നിലത്തുവീണു. കളി തുടരാൻ താരത്തിന് കഴിയില്ലെന്ന് വ്യക്തമായതോടെ അർജന്റീന അദ്ദേഹത്തെ കളിക്കളത്തിൽ നിന്ന് പിൻവലിച്ചു. അറുപത്തിയാറാം മിനിറ്റിൽ കണ്ണീരോടെ മെസി ഗ്രൗണ്ടിൽ നിന്ന് മടങ്ങിയപ്പോൾ പകരം നിക്കോ ഗോൺസാലസ് എത്തി. നിശ്ചിത സമയം അവസാനിക്കുമ്പോളും കളിയിൽ ഗോളുകളൊന്നും പിറന്നില്ല. ഇതോടെ കലാശപ്പോരാട്ടം 30 മിനിറ്റ് അധികസമയത്തേക്ക് നീണ്ടു. കോപ്പ അമേരിക്കയിൽ ഇത്തവണ ഫൈനൽ മത്സരത്തിന് മാത്രമാണ് അധിക സമയം അനുവദിക്കപ്പെട്ടത്.95-ം മിനിറ്റിൽ അർജന്റീനയുടെ കിടിലൻ മുന്നേറ്റം കൊളംബിയൻ ഗോൾമുഖം വിറപ്പിച്ചു. ബോക്സിനുള്ളിലേക്ക് ഓടിക്കയറിയ ഡി പോളിൽ നിന്ന് സ്വീകരിച്ച പന്ത് ഗോൾസാലസ് ഗോളിലേക്ക് തൊടുത്തെങ്കിലും കൊളംബിയൻ ഗോൾകീപ്പർ മികച്ച രീതിയിൽ അത് സേവ് ചെയ്തു. പിന്നാലെ അർജന്റീന ഇരട്ട മാറ്റങ്ങൾ വരുത്തി. എൻസോയേയും, മക് അലിസ്റ്ററേയും പിൻവലിച്ച അവർ കളത്തിലേക്ക് കൊണ്ടു വന്നത് ലൗത്താരോ മാർട്ടിനസിനെയും, ലോ സെൽസോയെയും.
112-ം മിനിറ്റിൽ അർജന്റൈൻ ആരാധകർ കാത്തിരുന്ന നിമിഷം വന്നെത്തി. ലോ സെൽസോ നൽകിയ പന്തിൽ നിന്ന് ലൗതാരോ മാർട്ടിനസ് തീപ്പൊരി ഫിനിഷിങ്ങിലൂടെ കൊളംബിയൻ വല കുലുക്കി. അർജന്റീന 1-0 ന് മുന്നിൽ. ടൂർണമെന്റിൽ ലൗതാരോയുടെ അഞ്ചാം ഗോളായിരുന്നു ഇത്. ശേഷിക്കുന്ന സമയം സമനില ഗോൾ നേടാൻ കൊളംബിയ ആഞ്ഞുശ്രമിച്ചെങ്കിലും പതറാതെ പിടിച്ചുനിന്ന അർജന്റൈൻ പ്രതിരോധം വിജയം ഉറപ്പിച്ചു.