തൃശ്ശൂർ: അമീബിക് മസ്തിഷ്‌കജ്വര വ്യാപനം തടയുന്നതിന്റെ ഭാഗമായി ഗുരുവായൂർ ക്ഷേത്രത്തിലെ കുളം അടച്ചിടാൻ ദേവസ്വം അധികൃതർക്ക് നിർദേശം നൽകാൻ നഗരസഭാ കൗൺസിൽ തീരുമാനിച്ചു. രോഗം പടരുന്നത് തടയാൻ പൊതു കുളങ്ങൾ നേരത്തേ അടച്ചിരുന്നു. അതേസമയം, സ്വകാര്യ കുളങ്ങളും നീന്തൽക്കുളങ്ങളും ഒഴിവാക്കണമെന്നും കൗൺസിൽ നിർദേശിച്ചു. മുങ്ങിക്കുളിക്കുന്നതു വഴിയാണ് രോഗം പ്രധാനമായും പടരുന്നത് എന്നതിനാലാണ് ഈ നടപടി.
നഗരത്തിലെ തെരുവുവിളക്കുകളുടെ ശോചനീയാവസ്ഥ കൗൺസിൽ യോഗത്തിൽ രൂക്ഷമായ വാഗ്വാദങ്ങൾക്ക് വഴിവെച്ചു. വൈദ്യുതി പോസ്റ്റുകളിൽ കയറി ബൾബുകൾ നന്നാക്കേണ്ട അവസ്ഥയിലാണ് കൗൺസിലർമാരെന്ന് പ്രതിപക്ഷ നേതാവ് കെ.പി. ഉദയൻ ആരോപിച്ചു. അറ്റകുറ്റപ്പണി ചെയ്യാത്ത കരാറുകാരനെതിരെ നടപടിയെടുക്കാൻ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കരാറുകാരൻ നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നില്ലെന്നും, ഫോൺ വിളിച്ചാൽ പ്രതികരിക്കുന്നില്ലെന്നും ചെയർമാൻ എം. കൃഷ്ണദാസ് വ്യക്തമാക്കി. എത്രയും പെട്ടെന്ന് അറ്റകുറ്റപ്പണി നടത്തണമെന്ന് ആവശ്യപ്പെട്ട് കരാറുകാരന് അവസാന നോട്ടീസ് നൽകാൻ നഗരസഭാ സെക്രട്ടറിക്ക് നിർദേശം നൽകിയിട്ടുണ്ട്. നഗരസഭയുടെ ഓവർസിയറുടെ മേൽനോട്ടത്തിൽ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാനാണ് തീരുമാനം. ഇത് സാധ്യമാകാത്തപക്ഷം കരാറുകാരനെ ഒഴിവാക്കി പുതിയ ടെൻഡർ വിളിക്കുമെന്നും ചെയർമാൻ അറിയിച്ചു.



