ചെറുതോണി: ശബരിപാതയുടെ പുതുക്കിയ എസ്റ്റിമേറ്റിന് അനുമതി നല്‍കുന്നതും നിർമാണം പുനരാരംഭിക്കുന്നതും ചർച്ച ചെയ്യാൻ റെയില്‍വേ മന്ത്രി ആശ്വിനി വൈഷ്ണവ്, എംപിമാർ, എംഎല്‍എമാർ എന്നിവരെ പങ്കെടുപ്പിച്ച് അടിയന്തര യോഗം ചേരാൻ സംസ്ഥാന സർക്കാർ മുൻകൈയെടുക്കണമെന്ന് ശബരി റെയില്‍വേ ആക്ഷൻ കൗണ്‍സിലുകളുടെ സംസ്ഥാന ഫെഡറേഷൻ ആവശ്യപ്പെട്ടു.
സംസ്ഥാന സർക്കാർ പാതയുടെ പകുതി ചെലവ് വഹിക്കാമെന്ന് സർക്കാർ ഉത്തരവു വഴിയും കത്തുകള്‍ വഴിയും മൂന്നു തവണ റെയില്‍വേ മന്ത്രിയെ അറിയിച്ചിട്ടും നിർമാണത്തിന് മുൻഗണന നല്‍കണമെന്ന് കേരളത്തില്‍നിന്നുള്ള 26 എംപിമാർ റെയില്‍വേ മന്ത്രിക്ക് സംയുക്ത നിവേദനം നല്‍കിയിട്ടും ഇക്കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. സംസ്ഥാന സർക്കാർ പുതുക്കിയ എസ്റ്റിമേറ്റ് അംഗീകരിക്കാത്തതിനാലാണ് പാതയുടെ നിർമാണം പുനരാരംഭിക്കാത്തതെന്നാണ് എംപിമാർ ചേർന്ന് നിവേദനം നല്കിയപ്പോള് വ്യക്തമാക്കിയത്.
26 വർഷം മുൻപ് പദ്ധതിക്കായി കല്ലിട്ട് തിരിച്ച സ്ഥലങ്ങള്‍ വില്‍ക്കാനോ ബാങ്ക് വായ്പ ലഭ്യമാക്കാനോ സാധിക്കാതെ ഭൂ ഉടമകള്‍ നാളുകളായി ദുരിതം അനുഭവിക്കുകയാണ്. കേരളത്തിലെ ജനങ്ങള്‍ ഏറെക്കാലമായി കാത്തിരിക്കുന്ന ശബരിപാത യാഥാർഥ്യമാക്കാൻ ആവശ്യമായ നടപടികളുണ്ടാകണം. നിർമാണം സംബന്ധിച്ച് ചർച്ച ചെയ്യാൻ ജനപ്രതിനിധികളുടെ യോഗം വിളിക്കാമെന്ന് റെയില്‍വേ മന്ത്രി പറയുന്നതല്ലാതെ ഇക്കാര്യത്തില്‍ തുടർനടപടികളുണ്ടാകുന്നില്ല. ഈ സാഹചര്യത്തില്‍ റെയില്‍വേ മന്ത്രിയെ പങ്കെടുപ്പിച്ച് യോഗം വിളിച്ചുചേർക്കാൻ സംസ്ഥാന സർക്കാർ മുൻകൈയെടുക്കണം.
ശബരിപാതയുടെ നിർമാണം പുനരാരംഭിക്കണമെന്നും ദക്ഷിണ റെയില്‍വേയുടെ ധനകാര്യ വിഭാഗം അംഗീകരിച്ച പദ്ധതിയുടെ പുതുക്കിയ എസ്റ്റിമേറ്റിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട എംപിമാരെ യോഗം അഭിനന്ദിച്ചു. ശബരി റെയില്‍വേ ആക്ഷൻ കൗണ്‍സിലുകളുടെ സംസ്ഥാന ഫെഡറേഷൻ യോഗത്തില്‍ ഭാരവാഹികളായ ഡിജോ കാപ്പൻ, മുൻ എംഎല്‍എ ബാബു പോള്‍, ജിജോ പനച്ചിനാനി, ഗോപി കോട്ടമുറി, അഡ്വ. സി.കെ. വിദ്യാസാഗർ, പി.എം. ഇസ്മായില്‍, പി.എ. സലിം, അനിയൻ എരുമേലി, എ.കെ. ചന്ദ്രമോഹൻ, അഡ്വ. ആർ. മനോജ് പാലാ, അജി ബി. റാന്നി, ദിപു രവി, അയ്യപ്പൻ നായർ, ജയ്സണ്‍ മാന്തോട്ടം, സജി കുടിയിരിപ്പില്, ടോമിച്ചൻ ഐക്കര, അഡ്വ. ഇ.എ. റഹിം, അഡ്വ. ശരണ്‍ രവീന്ദ്രൻ, എം.പി. വിശ്വനാഥൻ നായർ, സലിം നെടുങ്ങാട്ടുകുടി, ടി.കെ. രാജപ്പൻ, നൈറ്റ്സി കുര്യാക്കോസ് തുടങ്ങിയവർ പ്രസംഗിച്ചു.



