ചെങ്ങമനാട്: നാഷണൽ ഹൈവേയിൽ അങ്കമാലി മുതൽ വൈറ്റില വരെ ഉള്ള റോഡിലെ ഗതാഗത കുരുക്ക് ഒഴിവാക്കാനായി അങ്കമാലി മുതൽ കുണ്ടന്നൂർ വരെയുള്ള ആറ് വരി ബൈപാസ്സ് റോഡിൻ്റെ 3A നോട്ടിഫിക്കേഷനായി. ഈ സാഹചര്യത്തിൽ കാഞ്ഞൂർ പഞ്ചായത്ത് പരിധിയിലെ വിവിധ വാർഡുകളിലെ 200ൽ പരം വ്യക്തികളുടെ സ്ഥലമോ, സ്ഥലവും കെട്ടിട്ടവും ഒരുമിച്ചോ നഷ്ടപ്പെടുമെന്നാണ് പ്രാഥമിക വിവരം.
ഇതു സംബന്ധിച്ച് വൃക്തമായ രേഖ ആകാത്തതിനാൽ ജനങ്ങൾ വളരെയേറെ ആശങ്കയിലാണ്. ഇതു സംബന്ധിച്ച ജനങ്ങളുടെ
ആശങ്ക പരിഹരിക്കുന്നതിനായി ഹൈവേയ്ക്ക് വേണ്ടി ഭൂമി നഷ്ടപ്പെടുകയും കുടിയൊഴുപ്പിക്കപ്പെടുകയും ചെയ്യുമെന്ന് കരുതുന്നവരെ പങ്കെടുപ്പിച്ചു കൊണ്ട് കാഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി ബിജുവിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു.
അൻവർ സാദത്ത് എം എൽ എ, NHAI പ്രോജക്ട് മാനേജർ ബിജുകുമാർ എന്നിവർ നിലവിലെ അങ്കമാലി കുണ്ടന്നൂർ എൻഎച്ച് ബൈപ്പാസ് ഹൈവെ സംബന്ധമായ വിവരങ്ങൾ യോഗത്തിൽ വിശദീകരിച്ചു. പൊതുജനങ്ങൾ ഉന്നയിച്ച വിഷയങ്ങൾക്കും യോഗത്തിൽ മറുപടി പറഞ്ഞു. കാഞ്ഞൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സിമി ടിജോ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സരിതാ ബാബു, കെ വി പോളച്ചൻ, പ്രിയരഘു, മെമ്പർമാരായ കെ എൻ കൃഷ്ണകുമാർ, ചന്ദ്രവതി രാജൻ, ജയശ്രീ ടീച്ചർ, ജിഷി ഷാജു, എം വി സത്യൻ, കാഞ്ഞൂർ ഫൊറോന വികാരി റവ:ഫാദർ ജോയ് കണ്ണമ്പുഴ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ,സി കെ സലിംകുമാർ,സി കെ ഡേവീസ്, ഷിഹാബ് പറെലി, ജോയ് കാച്ചപ്പള്ളി, ആന്റു തളിയൻ, പോൾ പെട്ട എന്നിവർ സംസാരിച്ചു.
പദ്ധതിയുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്ത് നിർവഹിക്കേണ്ടതായ ഉത്തരവാദിത്വങ്ങൾ കൃത്യമായി നിർവഹിക്കുമെന്നും, റവന്യൂ വിഭാഗം ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച് വീണ്ടും യോഗം ചേരുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജി ബിജു അറിയിച്ചു.