തിരുവില്വാമല പാമ്പാടി ശ്രീ മൂലസ്ഥാനം മന്നത്ത് കാവിൽ അക കണ്ണാൽ പഠിച്ചെടുത്ത താളങ്ങൾ ചെണ്ടയിൽ കൊട്ടി കാണികളെ വിസ്മയിപ്പിച്ച് കുമാരി രശ്മി മണികണ്ഠൻ. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായാണ് പാമ്പാടി മന്നത്ത് കാവിൽ പറക്കോട്ട് കാവ് താലപ്പൊലി പാമ്പാടി ദേശ കമ്മിറ്റി വക തായമ്പക നടത്തിയത്.
ജന്മനാ കണ്ണിന് കാഴ്ചശേഷിയില്ലാത്ത ചേലക്കര പുലാക്കോട് കണ്ടംകുമരത്ത് മണികണ്ഠന്റെ മകൾ കുമാരി രശ്മി മണികണ്ഠൻ അകക്കണ്ണാൽ പഠിച്ചെടുത്ത താളവുമായി ഭക്തരെ അതിശയിപ്പിച്ചത്. മൂന്നുവർഷമായി പലയിടങ്ങളിലും തായമ്പക അവതരിപ്പിച്ചിട്ടുണ്ട്. അത്താണി ജെ എം ജെ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് ഈ കലാകാരി. ഗുരുവായ അച്ഛൻ മണികണ്ഠനിൽ നിന്നാണ് ഈ കല സ്വായത്തമാക്കിയത്. ആരേയും അതിശയിപ്പിക്കുന്ന പ്രകടനമായിരുന്നു കലാകാരിയുടേത്.