പേരാമ്പ്ര : മലയോര പ്രദേശമായ പെരുവണ്ണാമുഴി , മുതുകാട് ,ചെമ്പനോട , സീതപ്പാറ എന്നിവിടങ്ങളിൽ വന്യമൃഗ ശല്യം രൂക്ഷമാകുന്നു . കഴിഞ്ഞ ദിവസങ്ങളിൽ ഈ പ്രദേശങ്ങളിലൊക്കെ കാട്ടാന ശല്യം രൂക്ഷമായി അനുഭവപ്പെടുകയാണ് കൂട്ടമായി ഇറങ്ങുന്ന കാട്ടാനകൾ കുടിയേറ്റ കർഷകർക്ക് വൻ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. വാഴത്തോട്ടങ്ങളും തെങ്ങിൻ തോട്ടങ്ങളും വ്യാപകമായി കാട്ടാനക്കൂട്ടം നശിപ്പിക്കുകയാണ്. വനത്തോട് ചേർന്ന് കിടക്കുന്ന അതിർത്തി പ്രദേശങ്ങളിൽ വൈദ്യുതി കമ്പി സ്ഥാപിക്കണമെന്ന് കർഷകരുടെ നീണ്ടകാലത്തെ ആവശ്യത്തിന് ഇതുവരെ സർക്കാർ ചെവി കൊടുത്തിട്ടില്ല.
കാട്ടാനക്കൂട്ടങ്ങളെ കൂടാതെ കാട്ടുപന്നിയുടെയും കാട്ടുപോത്തിന്റെയും അക്രമണവും രൂക്ഷമായിരിക്കുകയാണ് മേഖലയിൽ. കൃഷിയിടങ്ങളിൽ വന്യമൃഗങ്ങളുടെ തേർവാഴ്ച കാരണം കൃഷി നടത്താൻ ആവാതെ ദുരിതത്തിൽ ആയിരിക്കുകയാണ് നാട്ടുകാർ .
മന്ത്രിമാർ ഉൾപ്പെടെയുള്ളവർക്ക് നിരവധി നിവേദനങ്ങൾ നൽകിയെങ്കിലും ഇതുവരെ ശാശ്വത പരിഹാരം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ ദിവസവും ഏക്കർ കണക്കിന് വാഴത്തോട്ടമാണ് കാട്ടാനക്കൂട്ടത്തിന്റെ തേർവാഴ്ചയിൽ നശിപ്പിക്കപ്പെട്ടത്.