ഏറ്റുമാനൂർ: ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ ക്രൈം നമ്പർ 391 ആം നമ്പറായി 143, 147,r/w 149 of IPC, u/s 3 of prevention of damage to public ആക്ട് അനുസരിച്ച് റെജിസ്റ്റർ ചെയ്ത കേസിൽ പ്രതികളെ കേസ് നിലനിൽക്കില്ല എന്ന് കണ്ട് ഏറ്റുമാനൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ്- നിസാം എ വെറുതെ വിട്ടു. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, കേരള കോൺഗ്രസ് ഉന്നത അധികാര സമിതി അംഗം അഡ്വ: പ്രിൻസ് ലൂക്കോസ്, കോട്ടയം മുനിസിപ്പൽ കൗൺസിലർമാരായ സാബു മാത്യു,ലിസ്സി കുര്യൻ, വിനു ആർ മോഹൻ, അനീഷ് എ വി, കെ ജെ ജോസഫ് ഉൾപ്പെടെ 9 പ്രതികളെയാണ് വെറുതെ വിട്ടത്. കെ റെയിൽ കോർപ്പറേഷന്റെ അടയാള കല്ലുകൾ പിഴുതു മാറ്റി കെ റെയിൽ ഡെവലപ്പ്മെന്റ്കോർപറേഷന്, കേരള സർക്കാരിന് 7594 രൂപയുടെ നഷ്ടം വരുത്തി എന്നതാണ് പ്രതികൾക്കെതിരെ ഉള്ള കേസ്. ഗാന്ധിനഗർ പോലീസ് 26.3.2022ൽ പൊതുമുതൽ നശിപ്പിക്കുന്നത് തടയൽ നിയമ പ്രകാരം റെജിസ്റ്റർ ചെയ്തതാണ് ഈ കേസ്.
കെ റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് എന്ന സ്ഥാപനം സംസ്ഥാന സർക്കാരിന്റെയോ കേന്ദ്ര സർക്കാരിന്റെയോ ഭാഗം അല്ലാത്തതുകൊണ്ട് പ്രതികൾക്കെതിരെ ഉള്ള കുറ്റം പൊതുമുതൽ നശിപ്പിക്കൽ തടയൽ നിയമത്തിന്റെ പരിധിയിൽ വരില്ല എന്ന പ്രതികളുടെ അപേക്ഷ കോടതി പരിഗണിച്ച് പ്രതികളെ വെറുതെ വിട്ടു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. പ്രതികൾ അന്യായമായി സംഘം ചേർന്നു ലഹള ഉണ്ടാക്കി എന്ന് പ്രോസിക്യൂഷന്റെ ഭാഗം സാക്ഷി മൊഴികൾ കൊണ്ട് തെളിയിക്കാൻ കഴിഞ്ഞില്ല എന്ന് കോടതി നിരീക്ഷിച്ചു. കെ റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് എന്ന സ്ഥാപനം സ്ഥാപിച്ച അടയാളക്കല്ലുകൾ പൊതുസ്ഥലത്ത് ആണ് എന്നതിന് തെളിയിക്കുന്ന ഔദ്യോഗിക ഗസറ്റ് പബ്ലിക്കേഷൻ ഹാജരാക്കാൻ സാധിച്ചില്ല.
കൂടാതെ കെ റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് സംസ്ഥാന സർക്കാരിന്റെ ഭാഗമാണെന്ന് തെളിയിക്കുന്ന യാതൊരു രേഖയും കോടതിയിൽ ഹാജരാക്കിയിട്ടില്ലാത്തതാണ്. കെ റെയിൽ കോർപ്പറേഷന്റേതു ആണ് ഈ അടയാള കല്ലുകൾ എന്ന് തെളിയിക്കാൻ ഒരു രേഖയും ഹാജരാക്കിയിട്ടില്ല. കോർപ്പറേഷൻ ഇപ്പോൾ നിലനിൽക്കുന്നുണ്ട് എന്നതിനുള്ള രേഖയും ഹാജരാക്കിയിട്ടില്ല. അതോറിറ്റി കല്ലിടുന്നതിന് മുൻപ് നിയമപരമായി ആവശ്യമുള്ള നോട്ടീസുകൾ സ്ഥല ഉടമകൾക്ക് കൊടുത്തിട്ടില്ല എന്ന പ്രതികളുടെ വാദം കോടതി പരിഗണിച്ചു.മേൽപറഞ്ഞ പ്രതികളുടെ അപേക്ഷ പരിഗണിച്ചുകൊണ്ട് കേസ് വിസ്താരത്തിന് മുൻപ് തന്നെ കോടതി തള്ളിക്കളയുകയായിരുന്നു. ഒന്നു മുതൽ ഏഴുവരെ പ്രതികൾക്ക് വേണ്ടി അഡ്വ. ജയ്സൺ ജോസഫ് ഒഴുകയിൽ, എട്ടാം പ്രതിക്ക് വേണ്ടി അഡ്വ. രാജേഷ് കെ ആർ, ഒമ്പതാം പ്രതിക്ക് വേണ്ടി അഡ്വ. നൃപൻ വടക്കൻ എന്നിവർ ഹാജരായി.