കായംകുളം: കായംകുളം നഗരസഭ അതിർത്തിയിലെ 660 പാവപ്പെട്ട കുടുംബങ്ങൾക്ക് ഭവന നിർമ്മാണത്തിനായി വായ്പ അനുവദിച്ചിരുന്നു. എൻ.എസ്.ഡി.പി (രാജീവ് ദശലക്ഷം ഭവന പദ്ധതി – ചേരി വികസന പദ്ധതി) പ്രകാരം ആയിരുന്നു വായ്പ അനുവദിച്ചത്. കായംകുളം നഗരസഭയിലെ സി.ഡി.എസും – കെ.യു.ആർ.ഡി.എഫ്.സി യുമായി എഗ്രിമെൻറ് വെച്ചാണ് ആവിശ്യമായ തുക അനുവദിച്ചത്. പ്രതിമാസം 143 രൂപ 180 ഗഡുക്കളായി തിരിച്ചടയ്ക്കണം എന്ന വ്യവസ്ഥയിലാണ് വായ്പ നൽകിയത്.
ഇത്തരത്തിൽ വായ്പ ലഭിച്ചതിൽ 150 ഓളം പേർ കുടിശ്ശിയാക്കുകയും വായ്പ തുക തിരിച്ചടക്കാതിരിക്കുകയും ചെയ്തു. ഈ തുക ഓരോരുത്തർക്കും പലിശയും പിഴ പലിശയും ചേർത്ത് ഒരു ലക്ഷത്തിൽ ഏറെ ആകുകയും ചെയ്തു.
കുടിശ്ശിക തുക എഴുതി തള്ളണമെന്ന് ഗുണഭോക്താക്കളുടെ അഭ്യർത്ഥനയുടെ അടിസ്ഥാനത്തിൽ നഗരസഭ നിരവധി വർഷങ്ങളായി സർക്കാരിനെ സമീപിച്ചെങ്കിലും വായ്പ എഴുതി തള്ളാൻ തയ്യാറായില്ല. ഈ സാഹചര്യത്തിൽ ഇന്നത്തെ നഗരസഭ കൗൺസിൽ സർക്കാരിനെ നിവേദനം കൊടുക്കുകയും ചർച്ച നടത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ മുതൽ തുകയായ 31,11,152/- രൂപ നഗരസഭ ഫണ്ടിൽ നിന്നും അടച്ച്. ഇതിൻറെ അടിസ്ഥാനത്തിൽ പലിശയും പിഴ പലിശയുമായി ഒരു കോടിയിലേറെ രൂപ നഗരസഭയുടെ അഭ്യർത്ഥനയുടെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ എഴുതിത്തള്ളുകയും പ്രമാണം തിരികെ നൽകുവാൻ തീരുമാനിക്കുകയും ചെയ്തു.
ഇതിൻറെ അടിസ്ഥാനത്തിൽ കായംകുളം നഗരസഭാ അതിർത്തിയിലെ ഗുണഭോക്താക്കളുടെ പ്രമാണവും ബന്ധപ്പെട്ട രേഖകളും 2024 ഒക്ടോബർ 18 വെള്ളിയാഴ്ച വൈകിട്ട് 04 മണിക്ക് കായംകുളം പാർക്ക് മൈതാനത്ത് വെച്ച് നടക്കുന്ന യോഗത്തിൽ ബഹു. സാംസ്കാരിക ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീ സജി ചെറിയാൻ വിതരണം ചെയ്യും. ചടങ്ങിൽ എംഎൽഎ അഡ്വക്കേറ്റ് യു പ്രതിഭ അധ്യക്ഷത വഹിക്കുമെന്നും ചെയർപേർസൺ പി ശശികല പ്രസ്താവനയിൽ കൂടി പറഞ്ഞു. വൈസ് ചെയർമാൻ ജെ. ആദർശ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കേശുനാഥ്, ഫർസാന ഹബീബ്, ഷാമില അനിമോൻ, കൗൺസിലർ രജ്ഞിതം, സി.ഡി.എസ് വെസ്റ്റ് ചെയർപേഴ്സൺ സരസ്വതി തുടങ്ങിയവർ പങ്കെടുത്തു.



