മലപ്പുറം: ഒരു പതിറ്റാണ്ടുകാലതിലധികം ഒരു റോഡിനായി കാത്തിരുന്നിട്ടും നിരാശ മാത്രം പ്രതിഫലമായി കിട്ടിയ ഒരു പ്രദേശവാസികൾ ഉണ്ട് മലപ്പുറം വളാഞ്ചേരിയിൽ .13 വർഷം മുമ്പ് പ്രവൃത്തി ആരംഭിച്ചതാണ്. ഇന്നും പൂർത്തിയായിട്ടില്ല.
മുട്ടാനുള്ള വാതിലുകളെല്ലാം മുട്ടിയിട്ടും പ്രദേശവാസികൾക്ക് ഉത്തരം നിരാശ മാത്രമാണ് ഈ കാലയളവിൽ ലഭിച്ചത്.അധികാരികളിൽ നേരിട്ട് എത്തിയും ജനപ്രതിനിധികൾ മുഖേനയും പ്രദേശവാസികൾ നിരവധി തവണയാണ് നിവേദനങ്ങൾ നൽകിയത്.പ്രത്യക്ഷ സമരങ്ങളും ഇതിനോടകം നിരവധിതവണ പ്രദേശവാസികളുടെ നേതൃത്വത്തിൽ നടന്നുകഴിഞ്ഞു.കഞ്ഞിപ്പുര മുതൽ അമ്പലപ്പറമ്പ് വരെയുള്ള ഭാഗവും മൂടാൽ മുതൽ ചുങ്കം വരെയുള്ള ഭാഗവും ടാറിങ് പ്രവർത്തികൾ പൂർത്തീകരിച്ചെങ്കിലും ഇതിനിടയിൽ കിടക്കുന്ന രണ്ട് കിലോമീറ്റർ ദൂരത്തിലുള്ള ചുങ്കം മുതൽ അമ്പലപ്പറമ്പ് വരെയുള്ള ഭാഗം മാത്രമാണ് ഇനി പൂർത്തീകരിക്കാനുള്ളത്.
ഈ പ്രദേശത്ത് മഴക്കാലത്ത് ചളിയും മഴ മാറിയാൽ പൊടി ശല്യവുമാണ്. ഇതിനായുള്ള കാത്തിരിപ്പ് എന്ന് അവസാനിക്കും എന്ന് മാത്രം അറിയില്ല. ഓരോ ബഡ്ജറ്റ് കഴിയുമ്പോഴും സ്വപ്നങ്ങൾ പൂവണിയുമെന്ന് പ്രതീക്ഷയിലാണ് പ്രദേശവാസികൾ ബഡ്ജറ്റിൽ കേൾക്കുന്ന തുക കോടികളാണ് പക്ഷേ വാഗ്ദാനത്തിൽ ഒതുങ്ങുകയാണ് അതും. റോഡ് ഓരോദിനം കഴിയുന്തോറും ഗതാഗത യാത്രയോഗ്യമല്ലാതായിക്കൊണ്ടിരിക്കുകയാണ്.നിരവധി സ്വകാര്യ, പൊതുമേഖല വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആശുപത്രികൾ എന്നിങ്ങനെ ആവശ്യങ്ങൾക്കായി ദിനംപ്രതി 100 കണക്കിന് ആളുകൾ ആശ്രയിക്കുന്ന റോഡാണ് ഈ അവസ്ഥയിൽ ആയിട്ടുള്ളത്. ഇതിനിടയിൽ പ്രദേശവാസികളുടെ സമരത്തെ തുടർന്ന് റോഡിലൂടെയുള്ള വലിയ വാഹനങ്ങളുടെ യാത്ര നിറുത്തിയിരുന്നെങ്കിലും പിന്നീട് ചിലയാളുകൾക്ക് വേണ്ടി ഉദ്യോഗസ്ഥർ റോഡ് തുറന്നു കൊടുക്കുകയായിരുന്നു നാട്ടുകാർക്ക് ആക്ഷേപമുണ്ട്.
നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷനും ഡിവിഷൻ അംഗവുമായ മാരാത്ത് ഇബ്രാഹിമിന്റെ നേതൃത്വത്തിൽ കഞ്ഞിപ്പുര -മൂടാൽ ബൈപ്പാസിൽ വാഴനട്ട് പ്രതിഷേധിച്ചു. ടി പി മുഹമ്മദ് റാഫി,സി സി ഷാഫി മാസ്റ്റർ,റഷീദ് കുന്നത്ത് എന്നിവർ സംബന്ധിച്ചു.



