Tuesday, December 23, 2025
No menu items!
Homeവാർത്തകൾടി പി മാധവന്‍റെ മരണം താരങ്ങളെ ഓര്‍മ്മിപ്പിക്കുന്നത്

ടി പി മാധവന്‍റെ മരണം താരങ്ങളെ ഓര്‍മ്മിപ്പിക്കുന്നത്

മലയാള സിനിമയില്‍ ഒരു കാലത്ത് ‘നക്ഷത്രം’ കണക്കെ തിളങ്ങി നിന്ന ഒരു താരമായിരുന്ന ടി പി മാധവന്‍ വിടപറഞ്ഞു. ദീര്‍ഘ കാലമായി അനാഥാലയത്തില്‍ ഒരു കൗതുക വസ്തു കണക്കെ ജീവിച്ചുവന്ന ആ മനുഷ്യന്‍റെ വേര്‍പാട് മലയാള സിനിമാ ലോകത്തിന് ഒത്തിരി ചോദ്യശരങ്ങള്‍ ബാക്കിയാക്കിയാണ് മാഞ്ഞുപോയത്. ഭാര്യയും മക്കളും ഉപേക്ഷിച്ച് ആരാലും ശ്രദ്ധിക്കപ്പെടാതെ ഒരു ലോഡ്ജ് മുറിയില്‍ കഴിഞ്ഞ ടി പി മാധവന്‍ കുഴഞ്ഞു വീണതിനെതുടര്‍ന്നാണ് അനാഥ മന്ദിരത്തില്‍ എത്തിച്ചേരുന്നത്. ഉറ്റവരും ഉടയവരുമില്ലാത്ത അനാഥര്‍ക്കൊപ്പം ആ മനുഷ്യന്‍ വര്‍ഷങ്ങളോളം ജീവിച്ചു. അനാഥാലയത്തിലെത്തുന്ന സന്ദര്‍ശകര്‍ക്കു മുമ്പില്‍ ഒരു ‘കാഴ്ച വസ്തുവായി’ ആ മനുഷ്യന്‍ പലപ്പോഴും മാറിയിട്ടുണ്ട്. ഒടുവില്‍ ഓര്‍മ്മ പോലും നഷ്ടപ്പെട്ട് പിച്ചും പേയും പറഞ്ഞ് മരണത്തിന് കീഴടങ്ങി. എത്ര ദാരുണമായിരുന്നു ടി പി യുടെ അവസാന നാളുകള്‍.

അനാഥ മന്ദിരത്തില്‍ കഴിഞ്ഞ നാളുകളില്‍ അദ്ദേഹം തന്‍റെ സഹപ്രവര്‍ത്തകരെ കാണാന്‍ ഒത്തിരി ആഗ്രഹിച്ചിരുന്നു. ചുരുക്കം ചില താരങ്ങള്‍ മാത്രമാണ് അദ്ദേഹത്തെ സന്ദര്‍ശിച്ചത്. മോഹന്‍ലാലും മമ്മൂട്ടിയുമടക്കമുള്ള സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങളിലെ ഒഴിവാക്കാനാവാത്ത താരമായിരുന്നു ടി പി മാധവന്‍. 600 ഓളം ചിത്രങ്ങളിലായി മലയാളികളുടെ മനസ്സില്‍ ഓര്‍ത്തുവെയ്ക്കുന്ന ഒത്തിരി കഥാപാത്രങ്ങള്‍ക്ക് അദ്ദേഹം ജീവന്‍ നല്കിയാണ് കടന്നുപോകുന്നത്. സിനിമയുടെ വര്‍ണാഭമായ ലോകത്ത് സുന്ദരമായ ഒരു ജീവിതം അദ്ദേഹം നയിച്ചിരുന്നു. എത്ര അന്തസ്സോടെയായിരുന്നു ആ കാലം അദ്ദേഹം ചിലവഴിച്ചത്. മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ പ്രഥമ സെക്രട്ടറിയായും അദ്ദേഹം പ്രവര്‍ത്തിച്ചു. അങ്ങനെ മലയാള താരങ്ങളുടെ നെടുംതൂണായി പ്രവര്‍ത്തിച്ചുവന്ന ആ താരം എത്ര വേഗമാണ് ഒരു അനാഥ മന്ദിരത്തിലേക്ക് എടുത്തെറിയപ്പെട്ടത്. കാലം മായ്ക്കാത്ത മുറിവുകള്‍ മാത്രം ബാക്കിയാക്കി ടി പി മാധവന്‍ വേര്‍പിരിഞ്ഞു.

മലയാള സിനിമ പല തരത്തിലുള്ള പ്രതിസന്ധികളിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. ലൈംഗിക പീഡനം, സാമ്പത്തിക കുറ്റകൃത്യങ്ങള്‍, ലഹരി ഉപയോഗം തുടങ്ങി കോടികള്‍ സമ്പാദിച്ച താരങ്ങളുടെ ധാര്‍ഷ്യങ്ങള്‍ നിറഞ്ഞ ഒരു കാലത്തിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. അഹങ്കാരത്തിന്‍റെയും ധാര്‍ഷ്ട്യത്തിന്‍റെയും മുഖമുദ്രകളായി പല താരങ്ങളും മാറിയിട്ടുണ്ട്. ടി പി മാധവന്‍റെ ജീവിതം എല്ലാവര്‍ക്കും ഒരു പാഠമാണ്. അദ്ദേഹം ബാക്കിയാക്കിയ ഓര്‍മ്മകള്‍ പുതിയ കാലത്തെ താരങ്ങള്‍ക്ക് വലിയൊരു ഗുണപാഠമാണ്. വര്‍ണ്ണങ്ങളുടെ ലോകത്ത് നിന്ന് ഏത് നിമിഷവും നിലംപൊത്തുമെന്ന പ്രപഞ്ച നീതിയും ജിവിതത്തിന്‍റെ ആപേക്ഷികതയും ടി പി മാധവന്‍റെ ജീവിതം പറയാതെ പറയുന്നുണ്ട്.

ജീവിതത്തിന്‍റെ നിസ്സാരതയും ശൂന്യതയും നമ്മെ വീണ്ടും ബോധ്യപ്പെടുത്തിക്കൊണ്ട് ടി പി മാധവന്‍ വേര്‍പിരിയുമ്പോള്‍ പുതിയ കാലത്തിന്‍റെ താരങ്ങള്‍ പ്രണാമം അര്‍പ്പിച്ച് സോഷ്യല്‍ മീഡിയകളില്‍ സങ്കടങ്ങള്‍ പങ്കുവെയ്ക്കുമ്പോള്‍ ടി പി മാധവന്‍റെ ജീവിതം ആടിത്തീര്‍ത്ത ആഘോഷങ്ങളിലേക്ക് ഒന്നെത്തി നോക്കിയാല്‍ നന്നായിരിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments