Tuesday, December 23, 2025
No menu items!
Homeവാർത്തകൾഒക്ടോബർ 9 ...

ഒക്ടോബർ 9 ലോക തപാൽ ദിനം

ഒക്ടോബർ 9 ലോകമെങ്ങും തപാൽ ദിനമായി ആചരിക്കുന്നു. രാജ്യാന്തര തപാൽ യൂണിയന്റെ ആഹ്വാനപ്രകാരമാണ് ഈ ദിവസം ലോക തപാൽ ദിനമായി ആചരിക്കുന്നത്. 1874 – ലാണ് ഇതിനു തുടക്കം കുറിച്ചത്. ഇന്ത്യയിൽ ഒക്ടോബർ 10 – ന് ദേശീയ തപാൽ ദിനമായി ആചരിക്കുന്നു.

ചരിത്രാതീതകാലം മുതൽ തന്നെ വാർത്താവിനിമയത്തിന് ഭരണസംവിധാനങ്ങൾ പ്രത്യേക പരിഗണണ നൽകിപ്പോന്നിരുന്നു. വിളിച്ചുപറഞ്ഞും ചെണ്ട കൊട്ടിയറിച്ചും വാർത്തകൾ എത്തിച്ചു കൊടുത്തിരുന്ന പഴയകാലത്ത് തിരക്കുള്ള പൊതുവഴികളുടെ ഓരത്ത് ശിലാഫലകങ്ങൾ തയ്യാറാക്കിയും ഇക്കാര്യം സാധിച്ചു പോന്നു. പിന്നീട് പക്ഷികളേയും മൃഗങ്ങളേയും ഇതിനു പയോഗിക്കുകയുണ്ടായി. വാർത്താവിനിമയോപാധികൾ സംഘടിതമായും സാമാന്യ ജനങ്ങൾക്കു ഉപയോഗപ്പെടുന്ന മട്ടിലും രൂപപ്പെട്ടതോടെയാണു നാം ഇന്നു കാണുന്ന തപാൽ സംവിധാനം ഉടലെടുക്കുന്നത്. രാജ്യാന്തര തപാൽ യൂണിയന്റെ ആഹ്വാനപ്രകാരം ഒക്ടോബർ 9 ലോകമെങ്ങും തപാൽ ദിനമായി ആചരിക്കുന്നു.

അഞ്ചൽ (തപാൽ)

സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഔദ്യോഗിക പോസ്റ്റൽ സർവീസ് രൂപം കൊള്ളുന്നതിനുമുമ്പ് തിരുവിതാംകൂർ, കൊച്ചി എന്നീ നാട്ടുരാജ്യങ്ങളിൽ നിലവിൽനിന്നിരുന്ന പഴയകാല ആഭ്യന്തര തപാൽ സമ്പ്രദായമാണ് അഞ്ചൽ സമ്പ്രദായം. 1951 ൽ ഇന്ത്യൻ കമ്പിതപാൽ വകുപ്പിൽ ലയിക്കുന്നതുവരെ അഞ്ചൽ സമ്പ്രദായം നിലനിന്നു.

പേരിനുപിന്നിൽ

സന്ദേശവാഹകൻ, ദൈവദൂതൻ എന്നെല്ലാം അർത്ഥമുള്ള ആഞ്ചെലസ്‌ എന്ന ഗ്രീക്ക്‌ പദത്തിൽ നിന്നാണ് അഞ്ചൽ എന്ന വാക്കിന്റെ ഉത്ഭവം. കേരളത്തിൽ അതിപ്രാചീനകാലം മുതൽക്കുതന്നെ ചാരന്മാർ വഴി കത്തിടപാടുകൾ നടത്തിയിരുന്നു. മാർത്താണ്ഡവർമ്മയുടെ കാലം മുതൽ വിരുത്തി(വൃത്തി) അനുഭവക്കാരായ ചാരന്മാർ മുഖാന്തരം സർക്കാർ സാധനങ്ങളും കൊട്ടാരം വക നീട്ടുകളും കച്ചേരികളിൽ എത്തിച്ചുകൊടുക്കാൻ ഒരു വ്യവസ്ഥ ആരംഭിച്ചു. അവർക്ക് സ്ഥാനചിഹ്നമായി ശംഖുമുദ്രയും “ ശ്രീപദ്മനാഭൻ തുണ ” എന്നു ലിഖിതമുള്ള വെള്ളിത്തടികൾ നൽകിയിരുന്നു. തിരുവിതാം കൂറിലെ രാമവർമ്മ മഹാരാജാവ് കൊല്ലവർഷം 959ൽ ‘സന്ദേഹവാഹക’ ഏർപ്പാടിൽ ചില പരിഷ്കാരങ്ങൾ വരുത്തി. അത് കേണൽ മൺട്രോയുടെ ഔദ്യോഗികകാലം വരെ നിലവിലിരുന്നു. കേണൽ മൺട്രോയാണ് സന്ദേശവാഹക ഏർപ്പാടിന് ‘അഞ്ചൽ’ എന്നു നാമകരണം ചെയ്തത്. റോഡുകൾക്ക് നിശ്ചിത ദൂരത്തിലായി ഓട്ടക്കാർ നിന്നിരുന്നു. ഇവർ ഒരു നിശ്ചിത ദൂരം സന്ദേശം കൊണ്ട് ഓടി അടുത്തയാൾക്ക് കൈമാറും. ഇങ്ങനെയാണ് സന്ദേശങ്ങൾ ഒരിടത്തു നിന്ന് മറ്റൊരിടത്ത് എത്തിച്ചിരുന്നത്. ആദ്യകാലങ്ങളിൽ സർക്കാർ രേഖകൾ മാത്രമായിരുന്നു അഞ്ചലിലൂടെ എത്തിച്ചിരുന്നത്. കൊല്ലവർഷം 1024 വരെ അഞ്ചൽ സർവ്വീസ് സർക്കാർ ആവശ്യത്തിനു മാത്രമേ തരപ്പെടുത്തിയിരുന്നുള്ളൂ.ഭാരതത്തിൽ പൊതുവായി തപാൽ സം‌വിധാനം നിലവിൽ വന്നപ്പോൾ അഞ്ചൽ വകുപ്പ് അതിൽ ലയിപ്പിക്കപ്പെടുകയുണ്ടായി.

അഞ്ചൽക്കാരൻ

കത്തുകൾ ഒരു സ്ഥലത്തുനിന്നും മറ്റൊരിടത്തേക്ക് എത്തിച്ചിരുന്നവരാണ് അഞ്ചൽക്കാരൻ അഥവാ അഞ്ചലോട്ടക്കാരൻ. കാക്കി നിക്കറും ഉടുപ്പും തലയിൽ ചുവന്ന കരയുള്ള കാക്കി തൊപ്പിയുമായിരുന്നു അഞ്ചൽക്കാരൻറെ വേഷം. ചിലങ്ക കെട്ടിയ ഒന്നരയടി നീളമുള്ള വടിയിൽ തപാൽ ഉരുപ്പടികൾ ഒരു സ്ഥലത്ത് നിന്നും മറ്റൊരിടത്തേക്ക് ഓടിയാണ് എത്തിച്ചിരുന്നത്. ഇങ്ങനെ ഓടുമ്പോൾ ചിലങ്ക കിലുങ്ങുകയും ആ ശബ്ദം കേട്ട് ആളുകൾ വഴി മാറിക്കൊടുക്കുകയും ചെയ്തിരുന്നു. അഞ്ചൽക്കാരന് അന്ന് സമൂഹത്തിൽ മാന്യമായ സ്ഥാനം കിട്ടീയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments