ചെങ്ങമനാട്: കാഞ്ഞൂർ, എടനാട്, തിരുവലംചുഴി, ആവണംകോട് എൽഐ സ്കീമുകളുടെ വൈദ്യുതി വിച്ഛേദിച്ചതിനെ തുടർന്ന് ഇറിഗേഷനുകളിലെ പമ്പിങ് നിലച്ചതുമൂലം ഈ മേഖലയിലെ കൃഷിയിടങ്ങൾ ഉണങ്ങി നശിക്കുന്നു.
ഈ എൽ ഐ സ്കീമുകളിൽ നിന്നായി ആകെ 8,16,76,887 രൂപയാണ് വൈദ്യുതി കുടിശിക ഉള്ളത്. കർഷകരും ജനപ്രതിനിധികളും നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഇറിഗേഷൻ വകുപ്പ് ഇക്കാര്യത്തിൽ നടപടി സ്വീകരിക്കുന്നില്ല എന്നാണ് ആക്ഷേപം. മാത്രമല്ല വൈദ്യുതി പുനസ്ഥാപിച്ചാലും, ഉയർത്തി വച്ചിരിക്കുന്ന മോട്ടോറുകൾ യഥാസ്ഥാനത്ത് അറ്റകുറ്റപ്പണി നടത്തി സ്ഥാപിക്കേണ്ട നടപടി പോലും ഇറിഗേഷൻ ഇതുവരെ ചെയ്തിട്ടില്ലന്ന് കർഷകർ പരാതിപ്പെടുന്നു.
വേനൽ കടുത്തതോടെ കാഞ്ഞൂർ, കാലടി, ശ്രീമൂലനഗരം പഞ്ചായത്തുകളിലും അങ്കമാലി മുനിസിപ്പാലിറ്റിയിലുമായി നൂറുകണക്കിന് ഹെക്ടർ പ്രദേശത്തെ കൃഷിയാണ് പ്രതിസന്ധിയിൽ ആയിട്ടുള്ളത്. നെല്ല്, കപ്പ, പച്ചക്കറി,വാഴ എന്നീ കൃഷികൾ നാശത്തിന്റെ വക്കിലാണ്. ആലുവ എംഎൽഎ അൻവർ സാദത്ത്, അങ്കമാലി എംഎൽഎ റോജി എം ജോൺ എന്നിവർ വൈദ്യുതി ഇറിഗേഷൻ മന്ത്രിമാരുമായി പലവട്ടം ചർച്ച ചെയ്തിട്ടും പ്രശ്നപരിഹാരം ആയിട്ടില്ല. വകുപ്പുകൾ തമ്മിലുള്ള ശീത സമരമാണ് കർഷക ദ്രോഹ നടപടികൾക്ക് കാരണമെന്ന് എംഎൽഎമാർ പറഞ്ഞു. ഇക്കാര്യത്തിൽ സർക്കാരിന്റെ അടിയന്തര നടപടികൾ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നെടുമ്പാശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാലടി ഇറിഗേഷൻ ഓഫീസിനു മുന്നിൽ കർഷക പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. അൻവർ സാദത്ത് എംഎൽഎ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു.
നെടുമ്പാശ്ശേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്
കെ.എൻ. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. അങ്കമാലി മുനിസിപ്പൽ ചെയർമാൻ മാത്യു തോമസ്, കെപിസിസി അംഗം അഡ്വ.ഷിയോ പോൾ, ഡിസിസി സെക്രട്ടറി അഡ്വ. കെ.ബി. സാബു, കാലടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സെബി കിടങ്ങേൻ, സാംസൺ ചാക്കോ, ശ്രീമൂലനഗരം പഞ്ചായത്ത് പ്രസിഡന്റ്
വി.എ.ഷംസുദ്ദീൻ, മണ്ഡലം പ്രസിഡന്റുമാരായ റെന്നി പാപ്പച്ചൻ,
പി.കെ.സിറാജ്, സി.കെ.ഡേവീസ്, എ.സി.ശിവൻ, തോമസ് കോയിക്കര എന്നിവർ സംസാരിച്ചു.



